ആരാധകനോട് അച്ചടക്കം പാലിക്കാൻ നിർദ്ദേശം നൽകി അജിത്; വൈറലായി വീഡിയോ

','

' ); } ?>

തന്നെ കാണാൻ തടിച്ചുകൂടിയ ആരാധകരിൽ ഒരാൾക്ക് താക്കീത് നൽകി നടൻ അജിത്ത് കുമാർ. കൂട്ടത്തിൽ നിന്നും ഒരാൾ ഉച്ചത്തിൽ വിസിലടിക്കുകയായിരുന്നു. ഇതുകേട്ട അജിത്ത് ഉടൻതന്നെ ഇയാളെ രൂക്ഷമായി നോക്കുകയും മറ്റുള്ളവരെ ശല്യപ്പെടുത്തരുതെന്നും നിശബ്ദത പാലിച്ച് അച്ചടക്കം കാണിക്കണമെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. സ്പെയിനിലെ റേസിംഗ് സർക്യൂട്ടിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ആരാധകരുടെ പെരുമാറ്റം നിയന്ത്രിച്ചതിന് നിരവധിപേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ കൺസ്ട്രക്‌ടേഴ്‌സ് ചാമ്പ്യൻഷിപ്പിനായുള്ള പരിശീലനത്തിന് തയ്യാറെടുക്കുകയാണ് അജിത്ത്. താൻ ഒരു പുതിയ സിനിമയിൽ ഒപ്പുവെച്ചതായി അദ്ദേഹം അടുത്തിടെ അറിയിച്ചിരുന്നു. ഇതിന്റെ എന്നാൽ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.

ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയാണ് അജിത്ത് നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. എന്നാൽ നിലവിൽ ചിത്രത്തിന്റെ പ്രദർശനം ഒടിടി പ്ലാറ്റുഫോമുകളിൽ നിർത്തി വെച്ചിരിക്കുകയാണ്. സംഗീതസംവിധായകന്‍ ഇളയരാജയുടെ ഹര്‍ജിയിൽ ഇളയരാജ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടുകളുള്ള ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ വിലക്കുള്ളത് കൊണ്ടാണിത്. ചിത്രത്തിൽ താന്‍ സംഗീതസംവിധാനം നിര്‍വഹിച്ച മൂന്നുപാട്ടുകള്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചുവെന്നായിരുന്നു ഇളയരാജയുടെ ഹര്‍ജി. എന്നാല്‍, പകര്‍പ്പവകാശം കൈവശം വെച്ചിരിക്കുന്നവരില്‍നിന്ന് അനുമതി തേടിയിട്ടുണ്ടെന്നായിരുന്നു നിര്‍മാണക്കമ്പനിയുടെ വാദം.
എന്നാല്‍, ഇതിന്റെ രേഖകള്‍ ഹാജരാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് ഇളയരാജയ്ക്ക് അനുകൂലമായി കോടതി ഉത്തരവിറക്കിയത്. ഇളയരാജയുടെ പാട്ടുകളോടുകൂടിയ ചിത്രം ഒടിടിയില്‍പ്പോലും പ്രദര്‍ശിപ്പിക്കരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്‌.