ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ ചീമേനി ലൊക്കേഷനില്‍ തീപിടുത്തം. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളും തീപിടുത്തിലൂടെ നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രിന്‍സ് റാഫേല്‍ വ്യക്തമാക്കുന്നു. ടൊവിനോ തോമസ് ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങിയതിനു പിന്നാലെയാണ് അപകടം. അപ്രതീക്ഷിതമായി സംഭവിച്ച തീപിടുത്തം ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
കാസര്‍കോട്ട് ഉള്‍പ്രദേശമാണ് ചീമേനി. അറുന്നൂറ് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പ്ലാന്റേഷനിലായിരുന്നു സെറ്റ് ഒരുക്കിയിരുന്നത്. അപ്രതീക്ഷിതമായുണ്ടായ കാട്ടുതീയാണ് അപകടത്തിന് കാരണം. തീപിടുത്തം ഉണ്ടാകുമ്പോള്‍ ഷൂട്ടിങ് നടക്കുകയായിരുന്നു. സുരഭി അടക്കമുള്ള അഭിനേതാക്കളും ലൊക്കേഷനിലുണ്ടായിരുന്നു. ശക്തമായ കാറ്റ് തീ പെട്ടന്ന് പടര്‍ന്നു പിടിക്കാന്‍ ഇടയാക്കി. ലൊക്കേഷനില്‍ ആളുകളുണ്ടായതിനാല്‍ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. വലിയ അപകടമാണ് ഇതുമൂലം ഒഴിവായത്.
ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടിങ് കൂടിയെ ബാക്കിയുണ്ടായിരുന്നൊള്ളൂ.
ബിഗ് ബജറ്റ് ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ ത്രീഡി ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിന് ലാലാണ് ചിത്രത്തിന്റെ സംവിധായകന്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
'അജയൻ്റെ രണ്ടാം മോഷണം' ലൊക്കേഷനിൽ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടമെന്ന് അണിയറ പ്രവർത്തകർ…… #ARM #TOVINOTHOMAS #FILM #FIRE #LOCATION #ajayanterandammoshanam pic.twitter.com/0yr1d5QoEJ
— 24time media (@24timemedia) March 7, 2023