സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. ടൊവിനൊ നായകനായ അജയന്റെ രണ്ടാം മോഷണം എന്ന സെറ്റില്‍ നിന്നാണ് താരം അവാര്‍ഡ് സ്വീകരിക്കാന്‍ പോയത്. പുരസ്‌ക്കാര വിതരണത്തിന് ശേഷം സെറ്റില്‍ തിരിച്ചെത്തിയ ബേസിലിനെ കേക്ക് മുറിച്ച് അനുമോദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്.
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്. ആറ് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഭാഗങ്ങളിലായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണം. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണമായും ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകള്‍ ഉണ്ട്.
ടൊവിനോയെ കൂടാതെ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴില്‍ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനല്‍ സ്‌ക്രീന്‍പ്ലേ: ദീപു പ്രദീപ്, ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹണം. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്