
നടി ഐശ്വര്യ ലക്ഷ്മിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും മനസ്സ് തുറന്ന് മുതിർന്ന സംവിധായകൻ ആലപ്പി അഷ്‌റഫ്. വിവാഹം വേണ്ടെന്ന മുൻ നിലപാടിൽ നിന്നും ഐശ്വര്യ ഇപ്പോൾ പിന്മാറിയെന്നും താരം നിലവിൽ പ്രണയത്തിലാണെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി. തെറാപ്പിയിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൈവരിച്ച ശേഷമാണ് നടി ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സിനിമയിലെത്തിയ ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും കുടുംബസങ്കൽപ്പങ്ങളെക്കുറിച്ചും സംസാരിച്ച അഷ്‌റഫ്, തനിക്കൊരു കുഞ്ഞ് വേണമെന്ന ആഗ്രഹമാണ് ഐശ്വര്യയുടെ മനസ്സ് മാറ്റിയതെന്ന് ചൂണ്ടിക്കാട്ടുന്നു. മുൻപ് വിവാഹത്തോട് താല്പര്യമില്ലെന്ന് പറഞ്ഞിരുന്ന താരം, ഇപ്പോൾ കുടുംബജീവിതത്തിനും മാതൃത്വത്തിനും പ്രാധാന്യം നൽകിത്തുടങ്ങി. ഒരു സിനിമയിൽ കുട്ടിയുടെ അമ്മയായി അഭിനയിച്ച ശേഷമാണ് സ്വന്തമായി ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം നടിക്കുണ്ടായത്. ദത്തെടുക്കലിനേക്കാൾ ഉപരി സ്വന്തമായി ഒരു കുഞ്ഞിന് ജന്മം നൽകാനാണ് ഐശ്വര്യ ആഗ്രഹിക്കുന്നതെന്നും, നിലവിൽ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയെങ്കിലും പങ്കാളിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ:
‘‘ക്ഷമ എന്നത് ജീവിതത്തിന്റെ താക്കോലാണ്. സ്നേഹം അതിന്റെ പൂട്ടും. സ്നേഹത്തോടെ പൂട്ടാനും ക്ഷമയോടെ തുറക്കാനും അറിയുന്നവരാണ് ബന്ധങ്ങളുടെ യഥാർഥ അർഥം ഗ്രഹിക്കുന്നത്. ബന്ധങ്ങളൊക്കെ അവകാശങ്ങളായി മാറുമ്പോൾ പ്രതീക്ഷകൾ ഭാരമാകും. എന്നാൽ സ്നേഹം ഒരു ഉത്തരവാദിത്തമായി ജീവിക്കുമ്പോൾ അതൊരു അനുഗ്രഹമായി മാറുന്നു. ക്ഷമയും സ്നേഹവും രണ്ടു വാക്കുകൾ മാത്രമല്ല ജീവിതത്തെ നിലനിർത്തുന്ന അദൃശ്യ ശക്തികളാണ്. ഇവ രണ്ടിനെയും ഹൃദയത്തിൽ കോർത്തിണക്കുമ്പോൾ ബന്ധങ്ങൾ കേവലം നിലനിൽക്കുക മാത്രമല്ല അവ മൂല്യവത്തായി പൂക്കുകയും ചെയ്യും.
നടിയും മോഡലുമായ ഐശ്വര്യ ലക്ഷ്മിയുടെ ജീവിത വെല്ലുവിളികളിലേക്കും അവരുടെ ഉറച്ച തീരുമാനത്തിൽ വരുത്തിയ മാറ്റങ്ങളിലേക്കും നമുക്കൊന്ന് കടന്നു ചെല്ലാം. മലയാള സിനിമയിലെ അപൂർവം ചില നടിമാർ മറ്റുള്ള നടിമാരിൽ നിന്നും വളരെ വ്യത്യസ്തമായി വേറിട്ട പാതയിലൂടെ സഞ്ചരിക്കാറുണ്ട്. അവരുടെ നിഗമനങ്ങളും ചിന്താഗതികളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ വന്ന് പറയുകയും അത് ചർച്ച ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. സൈക്കോളജിയിൽ ബിരുദം നേടിയ ലെന സ്പിരിച്വാലിറ്റിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ, സർവതിനെയും നോക്കിക്കാണുന്നതെങ്കിൽ വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത ഐശ്വര്യ ലക്ഷ്മി സൈക്കോളജിക്കൽ തെറാപ്പിയിലൂടെയാണ് തന്റെ പല കാര്യങ്ങൾക്കും പരിഹാരം തേടുന്നത്.
ലെന പൂർവ ജന്മത്തെക്കുറിച്ചും മരിച്ച ആത്മാക്കളോടൊക്കെ സംസാരിക്കാറുണ്ട് എന്നൊക്കെ പറയുമ്പോൾ ഐശ്വര്യ ലക്ഷ്മി നമുക്കും നമുക്കൊപ്പം ജീവിക്കുന്നവർക്കും എങ്ങനെ സമാധാനമായി ജീവിക്കാം എന്നതിനെക്കുറിച്ചാണ് പറയുന്നത്. ഐശ്വര്യ ലക്ഷ്മി മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് മുതലായ ഭാഷകളിലും പ്രശസ്തയാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിത വീക്ഷണത്തെക്കുറിച്ചുള്ള വാദഗതികൾ പലതും അവടങ്ങളിലെ സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. തമിഴ് ചാനലുകളിൽ ഐശ്വര്യ ലക്ഷ്മി കൊടുക്കുന്ന ഓരോ അഭിമുഖങ്ങളുടെയും അടിയിൽ വരുന്ന കമന്റുകളിൽ 99 ശതമാനവും അവർക്ക് അഭിനന്ദനങ്ങളും ബഹുമാനവും നൽകി അവരെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളാണ് എത്താറുള്ളത്.
അതിൽ വലിയൊരു വിഭാഗം ആൾക്കാരുടെയും അഭിപ്രായം അവർ ഒരു ജീനിയസ് ആണെന്നാണ്. എന്നാൽ മലയാള സോഷ്യൽ മീഡിയയിൽ ഉടനീളം അവരെ കുറ്റം പറഞ്ഞും വിമർശിച്ചും കൊണ്ടുള്ള വേദനിപ്പിക്കുന്ന കമന്റുകളാണ് കൂടുതലും. അതെപ്പോഴും അങ്ങനെ തന്നെയാണല്ലോ. പെട്ടെന്നൊന്നും നമ്മൾ നമ്മുടെ ആൾക്കാരെ അംഗീകരിച്ചുകൊടുക്കില്ലല്ലോ. ഗവൺമെൻറ് ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏകമകളാണ് ഐശ്വര്യ ലക്ഷ്മി എന്ന ഈ തിരുവനന്തപുരത്തുകാരി. പഠിക്കാൻ മിടുമിടുക്കിയായിരുന്ന തങ്ങളുടെ മകളെ ഒരു ഡോക്ടറായി കാണുവാനാണ് അവർ ആഗ്രഹിച്ചിരുന്നത്. തന്നെയുമല്ല ഒരു ഡോക്ടറെക്കൊണ്ട് തന്നെ വിവാഹവും കഴിപ്പിച്ച് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുന്നത് കാണാൻ അവർ ഒത്തിരി മോഹിച്ചിരുന്നു.
എന്നാൽ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഐശ്വര്യ മോഡലിങിലേക്ക് തിരിഞ്ഞു. അതിലൂടെയാണ് അവർ സിനിമയിലേക്കും കടന്നുവരുന്നത്. മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകർത്തെറിഞ്ഞുകൊണ്ട് മകൾ അഭിനയരംഗത്തേക്ക് കടന്നുവന്നത് അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ ചിത്രമായ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ രണ്ടാമത്തെ ചിത്രമായ ‘മായാനദി’യിലൂടെ ഐശ്വര്യ ലക്ഷ്മി ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ഉണ്ടായത്.
ലൈംഗികത കൈകാര്യം ചെയ്ത രീതിക്ക് ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം കൂടിയായിരുന്നു ഇത്. ഇതിൽ ടൊവിനോയും ഐശ്വര്യയും തമ്മിൽ ഒരു ഇന്റിമസി സീൻ ഉണ്ട്. വളരെ ഇഴുകി ചേർന്നുള്ള ലിപ് ലോക്ക് ഉൾപ്പെടെയുള്ള ഒരു രംഗമായിരുന്നു അത്. ഐശ്വര്യ പറയുന്നുണ്ട് ഈ രംഗങ്ങൾ കണ്ട തന്റെ മാതാപിതാക്കൾ ഏറെനാൾ തന്നോട് മിണ്ടാതിരുന്നിട്ടുണ്ടെന്ന്. തന്നെയുമല്ല ഹേമാ കമ്മിറ്റി റിപ്പോർട്ട് പൊതുമധ്യത്തിൽ ചർച്ചയായപ്പോൾ തന്റെ മാതാപിതാക്കൾ ഏറെ ഭയന്നിരുന്നു എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. അവരുടെ അടുത്തൊരു ബന്ധു എന്നോട് പറയുകയുണ്ടായി മകളുടെ കല്യാണ ആവശ്യത്തിനായി മാതാപിതാക്കൾ ഒരു കിലോ സ്വർണം ഉൾപ്പെടെ എല്ലാം അവൾക്കായി കരുതിയിരുന്നു എന്ന്.
ഇന്ന് നിരവധി കോടികൾ ഐശ്വര്യ സിനിമയിൽ നിന്നും സമ്പാദിച്ചിട്ടുണ്ടെങ്കിലും ഒരു ചില്ലിക്കാശുപോലും ആ മാതാപിതാക്കൾ തങ്ങളുടെ ആവശ്യങ്ങൾക്കായി മകളിൽ നിന്നും കൈപ്പറ്റിയിട്ടില്ല. ഐശ്വര്യ പറയുന്നു തന്റെ ആഗ്രഹം കൊണ്ട് അമ്മയ്ക്കൊരു സാരി വാങ്ങിക്കൊടുത്തത് പോലും അമ്മ നിരസിച്ചു എന്ന്. മകൾ എത്രത്തോളം സിനിമയെ സ്നേഹിക്കുന്നുണ്ടോ അത്രത്തോളം തന്നെ ആ മാതാപിതാക്കൾ തങ്ങളുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ സിനിമയെ വെറുക്കുന്നുണ്ടെന്ന് വേണം കരുതാൻ. 71 വയസ്സ് പിന്നിട്ട പിതാവിനെയും 66 വയസ്സ് പിന്നിട്ട മാതാവിനെയും ഇനി മാറ്റിത്തിരുത്തി ചിന്തിപ്പിക്കുക എന്നത് അസാധ്യമാണെന്നാണ് ഐശ്വര്യ പറയുന്നത്.
പുതുതലമുറയിലെ മാറ്റത്തിന്റെ പ്രതീകമാണ് ഐശ്വര്യ. ആ മാറ്റം ഉൾക്കൊള്ളാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല എന്നതാകാം ഐശ്വര്യയുടെ ആഗ്രഹങ്ങളെ അവർ ഇപ്പോഴും എതിർത്തുകൊണ്ടിരിക്കുന്നത്. ഐശ്വര്യ പറയുന്നു പുരുഷന്മാരായാലും സ്ത്രീകളായാലും മറ്റുള്ളവരുടെ പ്രതീക്ഷയ്ക്ക് അനുസൃതമായി ജീവിക്കുന്നതിന്റെ സമ്മർദ്ദങ്ങളെക്കുറിച്ച് അപൂർവമായേ സംസാരിക്കാറുള്ളൂ. ഇത്തരം സമ്മർദ്ദങ്ങൾ മൂലമാകാം ഐശ്വര്യയ്ക്ക് തൻറെ വീട്ടുകാരോട് പലപ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നിട്ടുള്ളത്. ബാല്യകാലത്തിൽ അവരെ അഫക്ട് ചെയ്തിട്ടുള്ള കാര്യങ്ങൾ, കൗമാരത്തിലെ ചില റിലേഷൻഷിപ്പുകൾ, ഇവയെല്ലാം തന്നെ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു അവരുടെ മനസ്സിൽ. ഒരുപക്ഷേ അതുകൊണ്ടാകാം വെളിയിൽ നല്ല രീതിയിൽ പെരുമാറുകയും വീട്ടിലെത്തിയാൽ മാതാപിതാക്കളോട് ആവശ്യമില്ലാതെ ദേഷ്യപ്പെടുകയും ചെയ്തിരുന്നത്.
എന്താണ് ഇതിങ്ങനെ എന്ന് സ്വയം വിലയിരുത്തിയപ്പോഴാണ് അതിനു പരിഹാരം കാണുവാൻ തീരുമാനിക്കുന്നത്. അങ്ങനെയാണ് ഒരു തെറാപ്പിസ്റ്റിനെ സമീപിച്ച് തന്റെ ആകുലത അറിയിക്കുകയും തെറാപ്പി ആരംഭിക്കുന്നതും. ഐശ്വര്യയുടെ വ്യക്തിത്വം, ആശയക്കുഴപ്പങ്ങൾ, ആഘാതങ്ങൾ, ബന്ധങ്ങൾ, മാതാപിതാക്കളുമായുള്ള പോരാട്ടങ്ങൾ, ഉറച്ച തീരുമാനങ്ങൾ, തെറ്റിദ്ധാരണകൾ, ഇവയെല്ലാം കൂടി കടന്നുപോകുന്ന ഒരു ചികിത്സാ രീതിയായിരുന്നു തെറാപ്പി. ഇക്കാര്യങ്ങളൊക്കെ ഒരു തെറാപ്പിസ്റ്റിന്റെ മുൻപിൽ തുറന്നു പറയാനുള്ള ചങ്കൂറ്റം ഉണ്ടാകണം എങ്കിൽ മാത്രമേ നമ്മുടെ മനസ്സിലെ വികലമായ ചിന്തകൾക്കും ആശയക്കുഴപ്പങ്ങൾക്കും നമ്മെ അലട്ടുന്ന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകൂ എന്നാണ് അവർ പറയുന്നത്. തന്റെ വീട്ടുകാരെപ്പോലും അറിയിക്കാതെയാണ് തെറാപ്പി ചികിത്സ നടത്തിയിരുന്നത്.
ഐശ്വര്യയ്ക്ക് തന്നെക്കുറിച്ചുള്ള ആത്മവിശ്വാസവും അവരുടെ ചിന്തകളിലെ വ്യക്തതയുമാണ് സ്വയം മനശുദ്ധീകരണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാൻ കാരണമായത്. എന്തായാലും ഈ തെറാപ്പി കൊണ്ട് ഐശ്വര്യയ്ക്ക് വളരെ മാറ്റവും ഗുണവുമൊക്കെ ഉണ്ടായി എന്നാണ് അവർ അവകാശപ്പെടുന്നത്. ഐശ്വര്യ പെട്ടെന്ന് ഇമോഷനൽ ആകുന്ന വ്യക്തിയായിരുന്നു. അതിൽ നിന്നൊക്കെ മാറി ചിന്തിച്ച് തീരുമാനമെടുക്കുവാനും ഏതൊരു സാഹചര്യത്തെയും ശാന്തമായി നേരിടുവാനും ഇപ്പോൾ കഴിയുന്നുണ്ടെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ഇനി മറ്റൊരു കാര്യം എന്തായാലും ഈ തെറാപ്പി കൊണ്ട് മാതാപിതാക്കൾക്കും സന്തോഷത്തിനുള്ള മറ്റൊരു വഴി തെളിഞ്ഞിട്ടുണ്ട്. താൻ കല്യാണം കഴിക്കില്ല ഭർത്താവും കുട്ടികളും കുടുംബവും എന്ന സങ്കൽപം തന്റെ ചിന്തയിലേ ഇല്ല എന്ന് പറഞ്ഞ ഐശ്വര്യയുടെ മനസ്സ് ഇപ്പോൾ മാറിയിരിക്കുന്നു. താൻ കല്യാണം കഴിക്കുമെന്നും തനിക്കൊരു കുട്ടി വേണമെന്നുമുള്ള ആഗ്രഹം ഇപ്പോൾ അവ തുറന്നു പറഞ്ഞിരിക്കുകയാണ്.
ഒരു കുടുംബജീവിതത്തിനുപരി തനിക്കൊരു അമ്മയാകണമെന്ന ആഗ്രഹമാണ് ഈ മനഃപരിവർത്തനത്തിന് കാരണം. കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹമില്ല. താൻ പ്രസവിക്കുന്ന കുട്ടി തന്നെയാകണം തന്നെ അമ്മേ എന്ന് വിളിക്കേണ്ടതെന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യ ലക്ഷ്മിക്ക് ഇപ്പോൾ ഒരു റിലേഷൻഷിപ്പ് ഉണ്ടെന്ന് അവർ പറയുന്നുണ്ട്. പക്ഷേ ആളിന്റെ പേരും മറ്റു വിവരങ്ങളൊന്നും ഇപ്പോൾ പുറത്തുവിടില്ല. താനൊരു ചിത്രത്തിൽ ഒരു കുട്ടിയുടെ അമ്മയായി അഭിനയിച്ചതിലൂടെയാണ് തനിക്കും ഒരു അമ്മയാകണമെന്ന ആഗ്രഹം ഉടലെടുത്തത്. ആ കുട്ടിയുമായുള്ള അടുപ്പവും സ്നേഹവുമൊക്കെ അഭിനയിക്കുകയായിരുന്നെങ്കിലും അത് യാഥാർഥ്യമാകാൻ അവർ കൊതിച്ചു മോഹിച്ചു.
ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയയിൽ നിന്നും അക്കൗണ്ട് ക്ലോസ് ചെയ്തുപോയത് വലിയ വാർത്തയായിരുന്നു. ഒരു വ്യക്തിയെ മറ്റൊരു വ്യക്തി മോശമാക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ എന്നാണ് അവർ പറയുന്നത്. സോഷ്യൽ മീഡിയയ്ക്ക് ഞാൻ പറ്റില്ല. ഞാൻ ഒരു പ്രൈവറ്റ് പേഴ്സൺ ആണ്. സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നപ്പോൾ എനിക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല. അത് കണ്ടും കേട്ടും അതിലൂടെ എനിക്ക് അവസരങ്ങളും ലഭിച്ചിട്ടില്ല. ഞാൻ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത് എന്റെ പടത്തിന് ഗുണം ചെയ്യുമെന്നും അതിലൂടെ എനിക്കുള്ള പ്രമോഷൻ ലഭിക്കുമെന്നും കരുതിയാണ്. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ അത് എന്നെ നിയന്ത്രിക്കുന്ന തലത്തിലേക്ക് എത്തി. അതുകൊണ്ടാണ് ഞാൻ അതിൽ നിന്നൊക്കെ പിന്മാറിയത്.
അവർ പിന്മാറിയെങ്കിലും സോഷ്യൽ മീഡിയ അവരെ വിടാതെ പിന്തുടരുകയാണ്. അടുത്തിടെ അവർ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്നവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ആക്ഷേപങ്ങളും ട്രോളുകളുമൊക്കെ വന്നു. അതേക്കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത്, ഏത് വസ്ത്രം എപ്പോൾ ധരിക്കണം എങ്ങനെ ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അവരെന്തിനാണ് ഇതൊക്കെ നോക്കണം. എന്റെ വസ്ത്രധാരണത്തെ വിമർശിക്കാൻ അവർക്ക് ആരാണ് അധികാരം കൊടുത്തത്. എനിക്കിഷ്ടമുള്ള വസ്ത്രം എനിക്കിഷ്ടമുള്ളപ്പോൾ ധരിക്കും. ഇതിനെതിരെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നത് മലയാളികളിൽ നിന്നുമാണ്. അത് ഏറെ വേദനാജനകമാണെന്ന് പറയാതെ വയ്യ.
എന്തൊക്കെയായാലും ഐശ്വര്യ ലക്ഷ്മി ഇപ്പോൾ തമിഴ് തെലുങ്ക് സിനിമകളിലെ മിന്നും താരമാണ്. തമിഴ് ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും അവരിപ്പോൾ നിറഞ്ഞുനിൽക്കുകയാണ്. തമിഴിൽ അവർക്ക് ആരാധകർ ഏറെയാണ്. ഒരു മലയാളിയായ പെൺകുട്ടി ഉയരങ്ങളിലേക്ക് പറന്നുയരുമ്പോൾ അവർക്ക് പ്രോത്സാഹനം നൽകിയില്ലെങ്കിലും അവരുടെ ചിറകുകൾ വെട്ടി വീഴ്ത്താതെ എങ്കിലും ഇരിക്കാമല്ലോ. ഐശ്വര്യ ലക്ഷ്മിക്ക് ഇനിയും ജീവിതത്തിൽ ഐശ്വര്യങ്ങൾ നിറയട്ടെ എന്നും കൂടുതൽ കൂടുതൽ അവസരങ്ങൾ താങ്കളെ തേടിയെത്തട്ടെ എന്നും ആശംസിച്ചുകൊണ്ട് നിർത്തുന്നു. നന്ദി നമസ്കാരം.’’
Đọc xong thấy rất bổ ích. Letco chuyên du học Hàn Quốc, tư vấn 1-1 theo năng lực và ngân sách từng bạn. Ghé thăm letco.vn để được hỗ trợ.