ലക്ഷദ്വീപില്‍ നടക്കുന്ന ഭരണകൂട ഭീകരതയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ച് യുവ വനിതാ സംവിധായിക ഐഷ സുല്‍ത്താന. ദ്വീപിലെ സാമൂഹ്യആരോഗ്യ രംഗത്തെ മുന്നണിപ്പോരാളിയായ ഐഷ കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. തൊണ്ണൂറ് ശതമാനം മുസ്ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഐഷ ആരോപിച്ചു. ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റെടുത്തതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം താളം തെറ്റിയത്. ഒരാള്‍ക്ക് പോലും ലക്ഷദ്വീപില്‍ കോവിഡ് 19 ഇല്ലായിരുന്നു. ദ്വീപ് ജനത കാത്തുസൂക്ഷിച്ച പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുല്‍പട്ടേലും ടീമും ലക്ഷദ്വീപില്‍ കാലുകുത്തിയത്. അതോടെ ദ്വീപില്‍ കോവിഡ് പടര്‍ന്നുപിടിച്ചു. അത്യാവശ്യ ആശുപത്രി സംവിധാനം പോലും ലക്ഷദ്വീപില്‍ ഇല്ല. ആ സമയത്താണ് ഈ മഹാമാരിയുടെ കടന്നുവരവ്. പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുനീക്കി. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌ക്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും പുറത്താക്കി. ദ്വീപിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അംഗനവാടികള്‍ അടച്ചുപൂട്ടി. ടൂറിസത്തിന്റെ മറവില്‍ മദ്യശാലകള്‍ തുറന്നു. ഗോവധവും മാംസാഹാരവും നിരോധിച്ചു. വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍നിന്ന് ബീഫ് ഒഴിവാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന് ചട്ടവും കൊണ്ടുവന്നു. പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന ജനവിരുദ്ധ നയങ്ങള്‍ ഐഷ സുല്‍ത്താന ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസര്‍ക്കാര്‍ നീക്കം ലക്ഷദ്വീപിനെ തകര്‍ക്കുക എന്നതാണ്. സാധാരണക്കാരായ പാവപ്പെട്ട മുസ്ലീങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കുക. തീര്‍ത്തും രാഷ്ട്രീയ പകപോക്കലാണ്. മുസ്ലീങ്ങളുടെ വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. പുകച്ചുപുറത്തു ചാടിക്കുക ആ നയമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ലക്ഷദ്വീപിലെ പാവപ്പെട്ട മുസ്ലീങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും പൗരപ്രവര്‍ത്തകരും ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവനും വിശ്വാസവും തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെടുന്നു. ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്‌ളഷ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്. മലയാളത്തിലെ ഒട്ടേറെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ ലക്ഷദ്വീപിലെ പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ നിവേദനത്തിലൂടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.