
മനുഷ്യന്റെ സർഗശേഷിക്ക് എഐ പകരമാവില്ലെന്ന് വ്യക്തമാക്കി പരസ്യചിത്ര സംവിധായകനും അഭിനേതാവുമായ പ്രകാശ് വർമ. സർഗശേഷിയുള്ളവർ ഭാവിയിൽ പരിമിതമാവുമെങ്കിലും അവരുടെ മൂല്യം പതിന്മടങ്ങു വർധിക്കുമെന്നും, പക്ഷേ, സർഗശേഷി മാത്രം പോരാ കഠിനാധ്വാനവും വിജയത്തിന് ആവശ്യമാണെന്നും പ്രകാശ് വർമ പറഞ്ഞു. മലയാള മനോരമയുടെ ഹോർത്തൂസ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തകനും നോവലിസ്‌റ്റുമായ സബിൻ ഇക്ബാൽ മേഡറേറ്ററായിരുന്നു.
“എത്ര എഐ വന്നാലും മനുഷ്യൻറെ സർഗശേഷിക്കു പകരമാവില്ല. എഐയെ വെല്ലുന്ന സർഗശേഷിയുള്ളവർ ഭാവിയിൽ പരിമിതമാവുമെങ്കിലും അവരുടെ മൂല്യം പതിന്മടങ്ങു വർധിക്കും. പക്ഷേ, സർഗശേഷി മാത്രം പോരാ കഠിനാധ്വാനവും വിജയത്തിന് ആവശ്യമാണ്. പരസ്യചിത്രങ്ങൾ ഇടപാടു കമ്പനിക്കു വേണ്ടിയല്ല, അതു കാണുന്ന പ്രേക്ഷകർക്കു വേണ്ടിയാണെന്നു ലക്ഷ്യമിട്ടായിരുന്നു ഓരോ ചിത്രവും. ലക്ഷ്യംവയ്ക്കുന്ന പ്രേക്ഷകർക്കു ചിത്രം ബോധിക്കണം, അവരെ സ്വാധീനിക്കണം.” പ്രകാശ് വർമ പറഞ്ഞു.
“കഥപറയുമ്പോൾ ഓരോ ഷോട്ടും പ്രധാനമാണ്. അതിൽ ബിസിനസും ബ്രാൻഡും ഉണ്ടാകണം. ആദ്യമൊക്കെ ഒരു മിനിറ്റിലും അര മിനിറ്റിലും പരസ്യചിത്രം നിർമിച്ചു. 10 സെക്കൻഡിലും സംവിധാനം ചെയ്‌തു. മനുഷ്യമനസ്സിലേക്കുള്ള വഴിയിൽ സമയത്തിനല്ല വികാരങ്ങൾക്കാണു പ്രാധാന്യം. കാണുന്നതിൽനിന്നെല്ലാം കഥകൾ കിട്ടും. മൗലികതയാണു കഥപറച്ചിലിൽ പ്രധാനമാണ്.” പ്രകാശ് വർമ കൂട്ടിച്ചേർത്തു.