
ജനനായകന് പിന്നാലെ ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്കും സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ സെൻസർ ബോർഡ്. റിലീസിനു രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് തിരിച്ചടി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സിബിഎഫ്സി 23 തിരുത്തലുകൾ ആവശ്യപ്പെട്ടിരുന്നു, ഇതിനെത്തുടർന്ന് റിവൈസിങ് കമ്മറ്റി ജനുവരി 7 ചിത്രം വീണ്ടും പരിശോധിക്കുകയുണ്ടായി. സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകുകയാണെങ്കിൽ പരാശക്തിയുടെ റിലീസും മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
സർട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തതു കാരണം പല തിയറ്ററുകളിലും ഓൺലൈൻ ബുക്കിങ് പോലും തുടങ്ങാൻ സാധിച്ചിട്ടില്ല. ബോർഡ് അംഗങ്ങൾ ചിത്രം കണ്ട് സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നിർദ്ദേശിച്ചിട്ടും റിലീസിന് രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ ഇനിയും സെൻസർ സർട്ടിഫിക്കറ്റ് അണിയറപ്രവർത്തകർക്ക് ലഭിച്ചിട്ടില്ല. അതേസമയം, സിനിമയ്ക്ക് ഇന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും ജനുവരി 10 ന് തന്നെ പരാശക്തി പുറത്തിറങ്ങുമെന്നും ചില ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിൽ 1960 കാലഘട്ടങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കതിനെതിരെ നടന്ന പോരാട്ടമാണ് ‘പരാശക്തി’യുടെ പ്രമേയം. ചിത്രത്തിൻ്റെ ട്രെയിലറും വിവാദമായിരുന്നു. ‘ജനനായകൻ’ ചിത്രത്തിന്റെ റിലീസ് മാറ്റിയതുപോലെ ‘പരാശക്തി’യുടെ റിലീസ് കൂടി മാറ്റിവച്ചാൽ ഏകദേശം 800 കോടിക്കു മുകളിൽ നഷ്ടമാകും കോളിവുഡിന് ഉണ്ടാകുക. പൊങ്കലിനു ലഭിക്കുന്ന പത്ത് ദിവസത്തെ അവധി മുമ്പിൽ കണ്ടാണ് ഈ രണ്ട് വമ്പൻ സിനിമകളും ഒൻപത്, പത്ത് തിയതികളിലായി റിലീസ് പദ്ധതിയിട്ടത്. ‘ജനനായകൻ’ റിലീസ് മാറ്റൽ നേട്ടമാകുക പ്രഭാസ് നായകനാകുന്ന ‘രാജാസാബ്’ എന്ന ചിത്രത്തിനാകും.