
ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യന്‍ ആക്ഷന്‍-സാഹസിക സിനിമയില്‍ നായകനായി തേജ സജ്ജ. കാര്‍ത്തിക് ഘട്ടമനേനി സംവിധാനംചെയ്ത ‘മിറൈ’ എന്ന ചിത്രമാണ് തേജ സജ്ജയുടെ പാന്‍-ഇന്ത്യന്‍ ചിത്രമായി വരുന്നത്. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. . ഒരു സൂപ്പര്‍ യോദ്ധാവ് ആയി തേജ സജ്ജ വേഷമിടുന്ന ചിത്രം പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദും കൃതിപ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സെപ്റ്റംബര്‍ അഞ്ചിന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളില്‍ എത്തും. എട്ടുവ്യത്യസ്ത ഭാഷകളില്‍ 2D, 3D ഫോര്‍മാറ്റുകളില്‍ ആയിരിക്കും ചിത്രം പുറത്തിറങ്ങുക. ആക്ഷന്‍, ഫാന്റസി, മിത്ത് എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറില്‍നിന്ന് വ്യക്തമാവുന്നു. ഗംഭീര ആക്ഷന്‍ രംഗങ്ങളും വിഎഫ്എക്‌സ് രംഗങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ടീസര്‍ സൂചിപ്പിക്കുന്നുണ്ട്. ‘ഒന്‍പത് പുസ്തകങ്ങള്‍, നൂറു ചോദ്യങ്ങള്‍, ഒരു ദണ്ഡ്’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. വമ്പന്‍ ശാരീരിക പരിവര്‍ത്തനമാണ് ചിത്രത്തിലെ നായക വേഷം ചെയ്യാനായി തേജ സജ്ജ നടത്തിയിരിക്കുന്നത്.
റോക്കിംഗ് സ്റ്റാര്‍ മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. തേജ സജ്ജയുടെ നായികയായി റിതിക നായക് അഭിനയിക്കുന്നു. കാര്‍ത്തിക് ഘട്ടമനേനിയുടെ സംവിധാനത്തില്‍ ഒരു വമ്പന്‍ സിനിമാനുഭവമായാണ് ‘മിറൈ’ ഒരുങ്ങുന്നത്. സ്‌ക്രീനില്‍ തികച്ചും പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ സമീപനം ചിത്രത്തിന്റെ ടീസറില്‍ പ്രകടമായി കാണാന്‍ സാധിക്കും. ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവന്‍ ചോപ്ര, തന്‍ജ കെല്ലര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.