‘തുടരു’മിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗ് നാളെ രാവിലെ 10 മണി മുതൽ

','

' ); } ?>

മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുടരും. ചിത്രത്തിന്റെ അണിയറവിശേഷങ്ങളും ചിത്രങ്ങളുമടക്കം ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിം​ഗ് നാളെ (ഏപ്രില്‍ 23) രാവിലെ 10 മണിക്ക് ആരംഭിക്കും. ചിത്രം ഏപ്രിൽ 25 നു തീയേറ്ററുകളിൽ എത്തും.

മോഹന്‍ലാലിന്‍റെ അവസാന റിലീസ് ആയിരുന്ന എമ്പുരാന് അഡ്വാന്‍സ് ബുക്കിം​ഗില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമെന്ന് അറിയിക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ബുക്കിം​ഗ്. എന്നാല്‍ റിലീസിന് ഒരാഴ്ച മുന്‍പേ എമ്പുരാന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ ബുക്കിം​ഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലടക്കം റെക്കോര്‍ഡ് പ്രതികരണമാണ് എമ്പുരാന്‍ നേടിയത്. അത് കൊണ്ട് തന്നെ തുടരുമിന്റെ അഡ്വാന്‍സ് ബുക്കിം​ഗ് കണക്കുകള്‍ എമ്പുരാന്‍റേതുമായി താരതമ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണ്

പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകനൊപ്പം മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതും, എവര്‍​ഗ്രീന്‍ കോമ്പോ ആയ മോഹന്‍ലാല്‍- ശോഭന ഇരുപതു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രീ റിലീസ് ഹൈപ്പ് ആണ്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 46 മിനിറ്റും. ഏറെ ശ്രദ്ധയോടെയാണ് ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. മോഹന്‍ലാല്‍ എന്ന താരത്തേക്കാള്‍ അ​ദ്ദേഹത്തിലെ നടനില്‍ ശ്രദ്ധ കൊടുക്കുന്ന ചിത്രമാണ് തുടരും. “ദൃശ്യം”പോലൊരു സിനിമയായിരിക്കും തുടരുമെന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞെങ്കിലും സംവിധായകൻ തരുൺമൂർത്തി അത് തിരുത്തി കൊണ്ട് രംഗത്തു വന്നിരുന്നു. തുടരും എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കുമെന്നാണ് തരുൺമൂർത്തി പറഞ്ഞത്.

ചിത്രത്തിന്റെ പ്രമോഷൻ സോങ് എന്ന പേരിൽ വ്യാജമായ പോസ്റ്ററുകൾ പ്രചരിക്കപ്പെട്ടതും വിവാദമായിരുന്നു. അതിനെതിരെ പ്രതികരിച്ചു കൊണ്ട് തരുൺമൂർത്തി രംഗത്ത് വരികയും ചെയ്തിരുന്നു.പ്രചാരത്തിലുള്ള പോസ്റ്ററിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയാണ് തരുൺമൂർത്തി പ്രതികരിച്ചത്.”ഐഡിയ കൊള്ളാം, പക്ഷെ ഞങ്ങളുടെ മൂഡ് ഇതല്ല” എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്. സിനിമയുടെ പ്രൊമോ സോംഗ് ചിത്രീകരണ സമയത്ത് മോഹന്‍ലാലിന്റെ ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതിലുള്ള കോസ്റ്റ്യൂം ഉപയോഗിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റര്‍ ഒരുക്കപ്പെട്ടത്. മോഹന്‍ലാല്‍ പിന്‍തിരിഞ്ഞുനില്‍ക്കുന്ന ഈ പോസ്റ്ററില്‍ സിനിമയുടെ പേരും ഉൾപ്പെടുത്തിയിരുന്നതിനാല്‍ ഇത് യഥാര്‍ത്ഥ പ്രൊമോഷണല്‍ പോസ്റ്ററാണെന്ന തോന്നൽ വളരെ വേഗമാണ് ആരാധകർക്കിടയിൽ പരന്നത്. നരന്‍ സിനിമയിലെ വേല്‍മുരുകാ പാട്ടിന് സമാനമായ ഒരു പ്രൊമോ സോംഗ് ‘തുടരും’മില്‍ ഉണ്ടാകുമെന്ന് ഗായകന്‍ എം.ജി ശ്രീകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം സിനിമയുമായി ബന്ധപ്പെട്ട പ്രതീക്ഷയും ആവേശവും സമൂഹമാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ ഉയരുകയായിരുന്നു.