
മലയാളചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ വാഗ്വാദം മുറുകുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പും തമ്മിലുള്ള രൂക്ഷമായ തർക്കത്തിന്റെ ശബ്ദസന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘അമ്മ’ കുടുംബസംഗമത്തിലെ പരിപാടികളെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് പരസ്യമായ ചേരിതിരിവിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വഴിവെച്ചത്.
കുടുംബസംഗമത്തിന്റെ ഭാഗമായി ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന കുറുപ്പ് അനുവദിച്ചില്ലെന്നതാണ് തർക്കത്തിന്റെ ആധാരമെന്ന് കരുതപ്പെടുന്നു. ഇതിൽ പ്രകോപിതയായ ലക്ഷ്മിപ്രിയ സംഘടനയുടെ ആഭ്യന്തര ഗ്രൂപ്പിൽ നീനയ്ക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയായിരുന്നു. “ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകും” തുടങ്ങിയ ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും ലക്ഷ്മിപ്രിയയുടെ ശബ്ദസന്ദേശത്തിലുണ്ട്. നീന കുറുപ്പിന് അഭിനയശേഷിയില്ലെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ച ലക്ഷ്മിപ്രിയ, തന്റെ അമ്മയുടെ പെരുമാറ്റവും സൗന്ദര്യവും കണ്ട് പഠിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. കൂടാതെ, സംഘടനയിൽ വിഭജനമുണ്ടാക്കാൻ നീന ശ്രമിക്കുന്നുവെന്നും മുൻപ് നടന്ന ഇലക്ഷനിൽ തനിക്കെതിരെ പ്രചാരണം നടത്തിയെന്നും ലക്ഷ്മിപ്രിയ ആരോപിക്കുന്നുണ്ട്.
എന്നാൽ ലക്ഷ്മിപ്രിയയുടെ പ്രതികരണം സംഘടനയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് നീന കുറുപ്പ് മറുപടി നൽകി. ഏത് പരാതിയുണ്ടെങ്കിലും അത് ഔദ്യോഗികമായി അറിയിക്കുന്നതിന് പകരം ഇത്തരത്തിൽ അശ്ലീലകരമായ രീതിയിൽ സംസാരിക്കുന്നത് ശരിയല്ലെന്ന് നീന ചൂണ്ടിക്കാട്ടി. ലക്ഷ്മിപ്രിയയുടെ സംസാരരീതി മറ്റ് 16 എക്സിക്യൂട്ടീവ് അംഗങ്ങളെക്കൂടി മോശക്കാരാക്കി ചിത്രീകരിക്കുന്നതാണെന്നും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും നീന കുറുപ്പ് വ്യക്തമാക്കി.
സംഘടനയുടെ സൽപ്പേരിനെ ബാധിക്കുന്ന തരത്തിൽ ഭാരവാഹികൾ പരസ്പരം ചെളിവാരിയെറിയുന്നത് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്പോൺസർഷിപ്പിനെയും സംഘടനയുടെ പ്രവർത്തനങ്ങളെയും ഇത്തരം വിവാദങ്ങൾ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വിഷയത്തിൽ ‘അമ്മ’യുടെ മറ്റ് ഭാരവാഹികൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.