“ഉർവശിക്ക് പുരസ്കാരം നൽകാൻ ഗൗരി നന്ദയ്ക്ക് യോഗ്യതയില്ല, ദേഷ്യം കടിച്ചമർത്തി ഉർവശി”; മറുപടി വൈറൽ

','

' ); } ?>

ഉർവശിയെ പോലൊരാൾക്ക് അവാർഡ് നൽകാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെന്ന ഓൺലൈൻ മീഡിയയുടെ ചോദ്യത്തിൽ പ്രതികരിച്ച് നടി ഉർവശി. നമുക്ക് കിട്ടുന്ന പുരസ്‌കാരങ്ങൾ എന്ത് തന്നെയായാലും ആ പുരസ്‌കാരത്തിന് ഒരു വിലയുണ്ടെന്നും, അവാർഡ് തരുന്നവർ അത് എത്ര ഹൃദയപൂർവമാണ് തരുന്നത് എന്നിടത്താണ് കാര്യമെന്നും ഉർവശി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയർ അവാർഡ് നിശയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ” എന്നായിരുന്നു ഓൺലൈൻ മീഡിയയുടെ ചോദ്യം. “അങ്ങനെ അല്ലല്ലോ കാര്യം. അവർ തരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. നമുക്ക് അങ്ങനെയൊന്നും ഇല്ല. നമുക്ക് കിട്ടുന്ന പുരസ്‌കാരങ്ങൾ എന്ത് തന്നെയായാലും ആ പുരസ്‌കാരത്തിന് ഒരു വിലയുണ്ട്. പിന്നെ അവാർഡ് തരുന്നവർ അത് എത്ര ഹൃദയപൂർവമാണ് തരുന്നത് എന്നിടത്താണ് കാര്യം. അത് രണ്ടും തുല്യം തന്നെയാണ്. ആർട്ടിസ്റ്റ് ക്യാമറയുടെ മുന്നിൽ വന്നാൽ ആരാണ് വലുതും ചെറുതും. എല്ലാവരും നല്ലോണം പെർഫോം ചെയ്‌താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആർട്ടിസ്‌റ്റ് തന്നെയല്ലേ.” ഉർവശി പ്രതികരിച്ചു.

താരത്തിന്റെ ഈ നിലപാടിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ പുരസ്‌കാരം സമ്മാനിച്ച നടി ഗൗരി നന്ദയും പ്രതികരണവുമായി എത്തി. “വാർത്തകൾ വളച്ചൊടിക്കാൻ നോക്കിയ ആ ചേട്ടന് എൻ്റെ നന്ദി” എന്നായിരുന്നു ഈ വിഡിയോയിൽ ഗൗരിയുടെ പരിഹാസം കലർന്ന കമന്റ്. അങ്കമാലിയിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉർവശി മികച്ച നടിക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങിയിരുന്നു. ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേർന്നാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്. ചോദ്യം ഉർവശിക്ക് ഒട്ടും ഇഷ്‌ടപ്പെട്ടില്ലെന്ന് വ്യക്‌തമാണ്.