
ഭജൻ സന്ധ്യക്കിടെ വികാരങ്ങൾ നിയന്ത്രിക്കാനാവാതെ ഉന്മാദാവസ്ഥയിലേക്ക് മാറി നടിയും നർത്തകിയുമായ സുധ ചന്ദ്ര. പരിപാടിയിൽ നൃത്തം ചെയ്തു കൊണ്ടിരിക്കെ വിങ്ങി പൊട്ടുകയും, ആളുകളെ കടിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.
വെള്ളയും ചുവപ്പും കലർന്ന സാരിയും ഹെഡ്‌ബാൻഡും ധരിച്ചാണ് സുധ ചന്ദ്രൻ ഭജൻ ചടങ്ങിനെത്തിയത്. ചടങ്ങിൽ അവർ അതിയായി വികാരാധീനയാവുകയും, നിയന്ത്രണം നഷ്‌ടപ്പെട്ട് പെരുമാറുകയും ചെയ്യുമ്പോൾ ഒപ്പമുള്ളവർ അവരെ താങ്ങി നിർത്താൻ ശ്രമിക്കുന്നത് കാണാം. ചില ദൃശ്യങ്ങളിൽ അവർ കരയുന്നതായും മറ്റു ചിലതിൽ ഒരാളുടെ കയ്യിൽ കടിക്കുന്നതായും വീഡിയോയിലുണ്ട്. ഇതിനുമുമ്പ് പുറത്തുവന്ന മറ്റുചില ദൃശ്യങ്ങളിൽ അവർ വളരെ ശാന്തമായി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നതും ഭക്തിയോടെ നൃത്തം ചെയ്യുന്നതും കാണാം.
1982-ൽ ഒരപകടത്തിൽ തൻ്റെ കാൽ നഷ്‌ടപ്പെട്ടിട്ടും അഭിനയ നൃത്ത രംഗത്തേക്ക് തിരിച്ചു വന്ന നടിയാണ് സുധ ചന്ദ്രൻ. മലരും കിളിയും, കാലം മാറി കഥ മാറി, അവൻ അനന്തപദ്‌മനാഭൻ, അലക്സാണ്ടർ ദ ഗ്രേറ്റ്, ക്ലിയോ പാട്ര എന്നീ മലയാള ചിത്രങ്ങളിലും സുധ ചന്ദ്രൻ വേഷമിട്ടിട്ടുണ്ട്. ഇന്ത്യൻ ടെലിവിഷൻ രംഗത്തെയും സിനിമയിലെയും സുപരിചിതമായ മുഖമായ സുധാ ചന്ദ്രൻ, പ്രശസ്‌തയായ ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. കഹിം കിസി റോസ് എന്ന പരമ്പരയിലെ രമോള സിക്കന്ദ് എന്ന ഐക്കോണിക് കഥാപാത്രത്തിലൂടെയാണ് അവർ ഏറെ പ്രശസ്‌തയായത്. ഇതിനുപുറമെ ‘നാഗിൻ’, ‘യേ ഹേ മൊഹബത്തേൻ’, ‘ക്യൂങ്കി സാസ് ഭീ കഭി ബഹു തി’, ‘മാതാ കി ചൗക്കി’ തുടങ്ങിയ നിരവധി പ്രശസ്‌തമായ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.