
ഇന്ത്യക്ക് പുറത്തുവെച്ചുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി സോഹ അലി ഖാൻ. “പട്ടാപ്പകൽ ഒരാൾ തനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്നും, ഇതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും സോഹ അലി ഖാൻ പറഞ്ഞു. ഹോട്ടർഫ്ലൈ യൂട്യൂബ് ചാനലിലെ ‘ദി മെയിൽ ഫെമിനിസ്റ്റ്’ എന്ന പോഡ്‌കാസ്റ്റ് ഷോയിൽ പ്രതികരിക്കുകയായിരുന്നു താരം. പൊതുസ്ഥലത്ത് വെച്ച് എപ്പോഴെങ്കിലും നഗ്നതാ പ്രദർശനം നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
“ഒരിക്കൽ ഇറ്റലിയിൽ വെച്ച് പട്ടാപ്പകൽ ഒരാൾ എനിക്ക് നേരെ നഗ്നത പ്രദർശനം നടത്തി. ഈ സംഭവം എന്നെ ഏറെ അസ്വസ്ഥയാക്കി. ഇതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അവിടെ ഇതുപോലെ നടക്കുന്നത് സാധാരണമാണെന്ന് തോന്നുന്നു. പക്ഷേ പട്ടാപ്പകൽ നടന്നു എന്നതാണ് ആശ്ചര്യകരമായ കാര്യം”. സോഹ അലി ഖാൻ പറഞ്ഞു.
“എൻ്റെ ജീവിതം പ്രിവിലേജുകൾ നിറഞ്ഞതാണെന്ന് എനിക്കറിയാം. അത്തരം ദുരനുഭവങ്ങൾ എനിക്ക് ഉണ്ടാകാത്തതിൽ സന്തോഷമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്ന ഒരുപാട് പേർക്ക് എല്ലാ ദിവസവും എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും എനിക്കറിയാം. സിനിമാ വ്യവസായത്തിലെ ഒരു കുടുംബത്തിൽ നിന്നുള്ള ആളായതുകൊണ്ടാണ് ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിൽ നിന്ന് താൻ രക്ഷപ്പെട്ടതെന്ന് വിശ്വസിക്കുന്നു”.
ഇന്ത്യൻ ക്രിക്കറ്റ്താരമായിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയുടേയും നടി ഷർമിള ടാഗോറിന്റെയും മകളും നടൻ സെയ്ഫ് അലി ഖാന്റെ സഹോദരിയുമാണ് സോഹ അലി ഖാൻ. നുഷ്രത്ത് ബറൂച്ച പ്രധാന വേഷത്തിലെത്തിയ ‘ചോരി 2’ എന്ന ഹൊറർ ചിത്രത്തിലാണ് സോഹ ഒടുവിൽ വേഷമിട്ടത്. ഇപ്പോൾ ‘ഓൾ എബൗട്ട് ഹെർ’ എന്ന പേരിൽ സ്വന്തമായി ഒരു പോഡ്‌കാസ്റ്റ് ഷോയും സോഹ ചെയ്യുന്നുണ്ട്.