“ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇങ്ങനെയല്ല”; ശ്വേത മേനോൻ

','

' ); } ?>

നടി ഗൗരിയോട് യൂട്യൂബര്‍ ആര്‍.എസ്. കാര്‍ത്തിക് നടത്തിയത് ഖേദപ്രകടനമാണെന്ന് കരുതുന്നില്ലെന്ന് തുറന്നടിച്ച് നടി ശ്വേത മേനോൻ. “എല്ലാ സ്ത്രീകളും ഗൗരിക്കൊപ്പമാണെന്നും, തങ്ങള്‍ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇത്തരത്തിലുള്ളതല്ലെന്നും ശ്വേത മേനോൻ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശ്വേത.

‘അത് മാപ്പാണെന്ന് എനിക്ക് തോന്നുന്നില്ല, ഞാന്‍ അങ്ങനെ കരുതുന്നില്ല. അയാളുടെ ശരീരഭാഷയില്‍നിന്ന് നിങ്ങള്‍ക്കത് മനസിലാക്കാം. എല്ലാ സ്ത്രീകളും ഗൗരിക്കൊപ്പമാണ്, അത് സിനിമാ മേഖലയില്‍നിന്നുള്ളവര്‍ മാത്രമല്ല. ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇങ്ങനെയല്ല’, ശ്വേത മേനോൻ പറഞ്ഞു

കഴിഞ്ഞ ദിവസം ഗൗരിയെ അവഹേളിച്ച യൂട്യൂബർ ഗൗരിയോട് മാപ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. നടിക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും, നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും യൂട്യൂബർ പറഞ്ഞു. കൂടാതെ താൻ സംസാരിച്ചത് ദുരുദ്ദേശത്തോടെയല്ലെന്നും യൂട്യൂബർ കൂട്ടിച്ചേർത്തു. എന്നാൽ നടിയോട് മാപ്പ് പറയില്ലെന്ന നിലപാടിലായിരുന്നു ആദ്യം കാർത്തിക് സ്വീകരിച്ചിരുന്നത്. ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ടെന്നാണ് കാർത്തിക് പറഞ്ഞിരുന്നത്. 2 വർഷത്തെ അനുഭവസമ്പത്തുള്ള ‘മുതിർന്ന’ മാധ്യമപ്രവർത്തകനാണ് താനെന്നും താൻ തെറ്റൊന്നും ചോദിച്ചിട്ടില്ലെന്നും ആർ എസ് കാർത്തിക് പറയുന്നു. വിഡ്ഢി എന്ന് വിളിച്ചത് ഗൗരിയാണ്. നടിയെ നടൻ എടുത്തുയർത്തിയെന്ന് പറഞ്ഞാൽ നാല് പേര് കൂടുതൽ വരും. ‘ജോളി’ ആയിരിക്കാൻ വേണ്ടിയാണ് ചോദിച്ചത്. ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ. അതുകൊണ്ടാണ് അവിടെയുള്ള മറ്റ് മാധ്യമപ്രവർത്തകർ ചിരിച്ചതെന്നും വിചിത്രന്യായം. തമിഴ് മാധ്യമത്തോടായിരുന്നു കാർത്തികിന്‍റെ പ്രതികരണം.

പിന്നാലെ ഗൗരി ഇതിനോട് പ്രതികരിക്കുകയും ചെയ്തു. അറിവില്ലായ്മയും ആണധികാര പ്രവണതയും നിർഭാഗ്യകരമാണെന്നും, ഒരാൾക്ക് എത്ര മാത്രം തരം താഴാൻ കഴിയുമെന്നും ഗൗരി പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഗൗരിയുടെ പ്രതികരണം. തുടർന്ന് തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് പോസ്റ്റുമായി ഗൗരി എത്തി. വിഷമകരമായ ഒരു സാഹചര്യത്തിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അത് ഇതേപോലെയുള്ള സാഹചര്യം നേരിട്ട ഒരുപാടുപേര്‍ക്ക് വേണ്ടിയായിരുന്നു എന്നും ഗൗരി സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്നോട് ചോദിച്ച അതേ ചോദ്യം ഇതേ രൂക്ഷമായ ഭാഷയില്‍ ഒരു പുരുഷനോട് അവര്‍ ചോദിക്കുമായിരുന്നോയെന്ന് ചിന്തിച്ചുപോവുകയാണെന്നും ഗൗരി കൂട്ടിച്ചേർത്തു.

താര സംഘടനയായ അമ്മയും, ഗായിക ചിന്മയിയും, ഖുശ്ബുവും, അഹാനയും, സുപ്രിയമേനോനുമടക്കം നിരവധി പേർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേ സമയം തന്നെ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്കെതിരായ നിലപാടിലുറച്ച് തന്നെയാണ് നടി ഗൗരി കിഷൻ മുന്നോട്ട് പോകുന്നത്. താൻ സംസാരിച്ചത് സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നും, നാളെ മറ്റൊരു നടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തുറന്നടിച്ചതെന്നും ഗൗരി പറഞ്ഞു. കൂടാതെ തന്റെ ശരീരം തന്റെ ചോയിസാണെന്നും, അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗൗരി കൂട്ടിച്ചേർത്തു. സംഭവത്തിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

ഗൗരി കിഷന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ തന്നെ ബോഡി ഷെയിമിങ് ചെയ്ത യൂട്യൂബർക്ക് തക്കതായ മറുപടിയായിരുന്നു ഗൗരി നൽകിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറഞ്ഞു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.