
തന്റെ പേരും ചിത്രവും ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയ വ്യക്‌തിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ശ്രീയ ശരൺ. തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പറിൻ്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ആൾമാറാട്ടം നടത്തുന്ന വ്യക്‌തി തന്റെ ചിത്രം ഡിസ്പ്ലേ പിക്ചറായി ഉപയോഗിച്ചുകൊണ്ട് ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ശ്രീയ ശരൺ പറഞ്ഞു. കൂടാതെ താൻ ഏറെ ബഹുമാനിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെ പോലും ഈ വ്യാജൻ സമീപിച്ചതായി ശ്രേയ കൂട്ടിച്ചേർത്തു.
‘‘ആരായിരുന്നാലും, ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം. ആളുകൾക്ക് മെസ്സേജ് അയച്ച് അവരുടെ സമയം കളയുന്നത് നിർത്തുക. ഇത് അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതും വിചിത്രവുമാണ്. ഇയാൾ മറ്റുള്ളവരുടെ സമയം വെറുതെ പാഴാക്കിയതിൽ എനിക്ക് ഖേദമുണ്ട്. ഇത് ഞാനല്ല, ഇത് എന്റെ നമ്പറുമല്ല. ഒരു നല്ല കാര്യം എന്തെന്നാൽ, ഈ വ്യക്തി ബന്ധപ്പെടുന്നത് ഞാൻ ആദരിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെയാണ് എന്നതാണ്. ഇത് വളരെ വിചിത്രമായിരിക്കുന്നു!. എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ സമയം ഇങ്ങനെ പാഴാക്കുന്നത്? മറ്റൊരാളായി ആൾമാറാട്ടം നടത്താതെ സ്വന്തമായി ഒരു ജീവിതം കണ്ടെത്താൻ ശ്രമിക്കൂ.” ശ്രിയ ശരൺ കുറിച്ചു.
ശ്രീയയുടെ രോഷം നിറഞ്ഞ പോസ്റ്റ് കണ്ട ആരാധകർ ഉടൻ തന്നെ പ്രതികരണങ്ങളുമായി എത്തി. പലരും സൈബർ ക്രൈമിൽ പരാതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ മറ്റുചിലർ നടിക്ക് പിന്തുണ അറിയിച്ചെത്തി.