
പണം തട്ടിയെന്നാരോപിച്ച് നിര്‍മാതാവിനെ പരസ്യമായി മര്‍ദിച്ച് നടിയും മോഡലുമായ രുചി ഗുജ്ജർ. ഹിന്ദി ക്രൈം ത്രില്ലറായ ‘സോ ലോങ് വാലി’യുടെ നിര്‍മാതാവ് കരണ്‍ സിങ്ങിനാണ് മര്‍ദനമേറ്റത്. തന്നിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെന്ന് ആരോപിച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിനെത്തിയ കരണ്‍ സിങ്ങിനെ നടി ചെരുപ്പുകൊണ്ട് തല്ലിയത്. കാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള മാല ധരിച്ചെത്തി ശ്രദ്ധനേടിയ നടിയും മോഡലുമാണ് രുചി ഗുജ്ജര്‍.
ഒരു ടെലിവിഷന്‍ പ്രൊജക്ടിന്റെ പേര് പറഞ്ഞ് തന്നിൽ നിന്ന് തുക കൈപറ്റിയെന്നും, എന്നാല്‍, വാഗ്ദാനംചെയ്ത പ്രൊജക്ട് യാഥാര്‍ഥ്യമായില്ലെന്നും നടി പറഞ്ഞു. കൂടാതെ ലാഭവിഹിതവും ഓണ്‍-സ്‌ക്രീന്‍ ക്രെഡിറ്റും കരണ്‍ വാഗ്ദാനം ചെയ്തിരുന്നതായും നടി അവകാശപ്പെട്ടു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നടി കോടതിയെ സമീപ്പിച്ചിരുന്നു. ചിത്രത്തിനെതിരായ പ്രതിഷേധവുമായാണ് കൈയില്‍ പ്ലക്കാര്‍ഡുകളേന്തിയ ഒരുകൂട്ടം ആളുകളുമായി നടി തീയേറ്ററിലേക്കെത്തിയത്. നിർമ്മാതാവിനെ മർദ്ധിക്കാൻ ശ്രമിക്കുമ്പോൾ ആദ്യശ്രമത്തില്‍ കൈയില്‍നിന്ന് ചെരിപ്പ് താഴെപ്പോയി. രണ്ടാമത്തെ ചെരിപ്പും ദേഹത്തുതട്ടിയ ശേഷം താഴെ വീണു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
എന്നാൽ നടി പബ്ലിസ്റ്റി സ്റ്റണ്ടിന് ശ്രമിക്കുകയാണെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ മാന്‍ സിങ്ങിന്റെ പ്രതികരണം. ചിത്രത്തിന്റെ റിലീസുമായി മുന്നോട്ടുപോകാന്‍ കോടതി അനുവദിച്ചതാണെന്നും മാന്‍ സിങ് വ്യക്തമാക്കി.