
സിനിമയിൽ ക്രിയേറ്റിവ് ഫ്രീഡം വേണമെന്ന് വ്യകത്മാക്കി നടി രേവതി. റെസ്പോൺസിബിൾ ആയ ഫിലിംമേക്കിങ് ആണ് ചെയ്യേണ്ടതെന്നും, അടുത്തിടെ പുറത്തിറങ്ങുന്ന സിനിമകളിൽ വയലൻസ് കൂടുതലാണെന്നും രേവതി പറഞ്ഞു. കൂടാതെ യഥാർത്ഥ ജീവിതത്തിൽ ഉള്ള വയലൻസുകൾ വളരെയധികം മോശമാണെന്നും, തനിക്ക് ഇഷ്ടമുള്ള ഹീറോകൾ അത്തരം കാര്യങ്ങൾ ചെയ്യുന്നത് കാണാൻ ഇഷ്ടമല്ലെന്നും രേവതി കൂട്ടിച്ചേർത്തു. ജനനായകൻ സിനിമയുടെ സെൻസർ വിഷയത്തെക്കുറിച്ച് ചോദ്യം ഉയരവെയാണ് രേവതിയുടെ പ്രതികരണം. തന്റെ ഏറ്റവും പുതിയ ബോളിവുഡ് സിനിമയായ അസ്സിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘ഇതിൽ രണ്ട് ഭാഗങ്ങൾ ഉണ്ട്. ഒന്ന് നമുക്ക് ക്രിയേറ്റിവ് ഫ്രീഡം വേണം എന്ന ഭാഗം മറ്റൊന്ന് റെസ്പോൺസിബിൾ ഫിലിംമേക്കിങ്. നമുക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അത് വെച്ചിട്ട് സിനിമ എടുക്കണം. ഞാൻ ആണെങ്കിൽ അങ്ങനെയേ എടുക്കൂ. പക്ഷേ സിനിമയിൽ ചിലപ്പോഴൊക്കെ വയലൻസുകൾ വളരെ ഓവർ ആയി പോകുന്നുണ്ട്. യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഇല്ല എന്നല്ല. യഥാർത്ഥ ജീവിതത്തിൽ ഉള്ള വയലൻസുകൾ വളരെയധികം മോശമാണ്. പക്ഷേ എനിക്ക് ഇഷ്ടമുള്ള ഹീറോകൾ അത്തരം കാര്യങ്ങൾ ചെയ്യുന്നത് കാണാൻ എനിക്ക് ഇഷ്ടമല്ല. അവിടെ സെൻസർ ബോർഡും നമ്മളും തമ്മിൽ ഒരു ഗിവ് ആൻഡ് ടേക്ക് ഉണ്ടാകണം. ഞാൻ ജനനായകൻ മുഴുവനും കണ്ടിട്ടില്ല. ഞാൻ അതിൽ രണ്ട് സീൻ മാത്രമേയുള്ളു’, രേവതിയുടെ വാക്കുകൾ.
അതേ സമയം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ വിജയ് ചിത്രം ജനനായകന്റെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്.