
ഭർത്താവ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തെറ്റില്ല എന്ന പ്രസ്താവനയ്ക്ക് നേരിട്ട വിമർശനങ്ങളിൽ പ്രതികരിച്ച് നടി രശ്മി. അദ്ദേഹം ഒരു ആർടിസ്റ്റാണെന്നും, എന്റെ വീടിന്റെ ബെഡ്റൂം തുറക്കുമ്പോൾ അല്ല താൻ അങ്ങനെ കാണുന്നതെന്നും രശ്മി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘അദ്ദേഹം ഒരു ആർടിസ്റ്റാണ് അദ്ദേഹം അങ്ങനെയൊരു രംഗം ചെയ്തപ്പോൾ ചിലർ ചോദിച്ചിരുന്നു, രശ്മി എങ്ങനെയാണ് അത് കണ്ടുനിൽക്കുന്നത് എന്ന്. ഞാൻ എന്റെ വീടിന്റെ ബെഡ്റൂം തുറക്കുമ്പോൾ അല്ലല്ലോ അത് കണ്ടത്. അദ്ദേഹം ഒരു ആർടിസ്റ്റാണ്.’ രശ്മി പറഞ്ഞു.
‘നിനക്ക് പറ്റിയ ആളല്ല അദ്ദേഹം എന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേർച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ട്. വിവാഹം എന്നു പറയുന്നത് പൂമെത്തക്കു മുകളിലൂടെയുള്ള നടത്തമല്ല. അവരൊക്കെ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്ന് നല്ല വഴക്കൊക്കെ ഉണ്ടാകുമ്പോൾ ഞാൻ പറയാറുണ്ട്.’രശ്മി കൂട്ടിച്ചേർത്തു.
മിനിസ്‌ക്രീനിലെ അവതാരകയായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയശേഷം, സീരിയലുകളിലേക്കും സിനിമകളിലേക്കും കടന്നുവന്ന താരമാണ് രശ്മി. മനസിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ സിനിമകളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തനായ സംവിധായകന്‍ ബോബന്‍ സാമുവലാണ് നടിയുടെ പങ്കാളി. ഒന്നിച്ച് ഒരു പരമ്പരയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു രശ്മിയുടേയും ബോബന്റെയും വിവാഹം.