
ബോളിവുഡിൽ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾപോലും തനിക്കൊരിക്കലും മുൻനിര നായികാ വേഷം ലഭിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞ് നടി നീന ഗുപ്ത. ‘ഇന്നത്തെ പല നായികമാരുമായി താരതമ്യപ്പെടുത്തുമ്പോൾ തനിക്കുകുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്നും തന്നെ കാണാനും അവരേക്കാൾ നന്നായിരുന്നുവെന്നും’ നീന ഗുപ്ത പറഞ്ഞു. “ക്ഷമയും, ആത്മാഭിമാനവും കുറവായിരുന്നുവെന്നും, അതൊക്കെ തന്റെ വളർച്ചയ്ക്ക് തടസ്സമായെന്നും” നീന ഗുപ്ത കൂട്ടിച്ചേർത്തു. ഹ്യൂമൻസ് ഓഫ് ബോംബെയോട് സംസാരിക്കുകയായിരുന്നു താരം.
“കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾപോലും മുൻനിര ഹിന്ദി ചിത്രങ്ങളിൽ എനിക്കൊരിക്കലും നായികാ വേഷം ലഭിച്ചിട്ടില്ല. ഇന്നത്തെ പല നായികമാരുമായി താരതമ്യപ്പെടുത്തുമ്പോൾ തനിക്കുകുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു. എന്നെ കാണാനും അവരേക്കാൾ നന്നായിരുന്നു. അതിൽ എന്റെ ഭാഗത്തും തെറ്റുണ്ട്. എനിക്ക് ക്ഷമയും, ആത്മാഭിമാനവും കുറവായിരുന്നു. അതൊക്കെ എന്റെ വളർച്ചയ്ക്ക് തടസ്സമായി. വഴികാട്ടിയാവാൻ ഒരു ഗോഡ്‌മദറോ, ഗോഡ്ഫാദറോ എനിക്കില്ലായിരുന്നു. ക്രമേണ ഈ ഇൻഡസ്ട്രി ഒരു ബിസിനസ്സ് ആണെന്ന് താൻ തിരിച്ചറിഞ്ഞു. അതിനെ വൈകാരികമായി സമീപിക്കരുതെന്നും മനസ്സിലായി.”
ബോളിവുഡിലെ ബോൾഡ് താരങ്ങളിലൊരാളാണ് നടി നീന ഗുപ്ത. സ്റ്റീരിയോടൈപ്പുകളെ തച്ചുടയ്ക്കുന്ന നീനയുടെ നിലപാടുകൾ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 1980-കളുടെ തുടക്കത്തിലാണ് നീന ശ്രദ്ധേയമായ വേഷങ്ങളിലൂടെ ബോളിവുഡ് ലോകത്ത് സ്ഥാനം നേടുന്നത്. ടെലിവിഷൻ ഷോകളിലും നീന വേഷമിട്ടിട്ടുണ്ട്. ഏറെക്കാലം സഹനടിയുടെ വേഷങ്ങളിൽ മാത്രം ശ്രദ്ധിക്കപ്പെട്ടിരുന്ന നീന 2018-ൽ ബദായ് ഹോ എന്ന ചിത്രത്തിലൂടെ വൻതിരിച്ചുവരവ് നടത്തി. പഞ്ചായത്ത് എന്ന സീരീസിലെ നീനയുടെ പ്രകടനവും പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഫാഷൻ ഡിസൈനറും നടിയുമായ മസാബ ഗുപ്‌തയാണ് മകൾ.