
പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ദുരനുഭവം നേരിട്ട് നടി നവ്യ നായർ. സൗബിൻ ഷാഹിറും നവ്യയും ഒന്നിക്കുന്ന പുതിയ ചിത്രം പാതിരാത്രിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോടെത്തിയപ്പോഴായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരാൾ നവ്യയോട് മോശമായി പെരുമാറാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കോഴിക്കോട് മാളില്‍ വച്ച് നടന്ന പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ നവ്യയെ തൊടാനായി കൈ നീട്ടുകയായിരുന്നു. ഉടനെ തന്നെ നവ്യയുടെ പിന്നിലായി നടന്നിരുന്ന സൗബിന്‍ ഷാഹിര്‍ ഇടപെടുകയും തടയുകയും ചെയ്തു. തനിക്ക് നേരെയുണ്ടായ അപ്രതീക്ഷിതമായ നീക്കത്തില്‍ നവ്യ തെല്ല് ഞെട്ടുന്നതും അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. പൊതു ഇടത്ത്, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് നവ്യയ്‌ക്കെതിരെ അതിക്രമ ശ്രമമുണ്ടായതെന്നത് അമ്പരപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാതിരാത്രി’.
ഡോക്ടര്‍ കെവി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്ന് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ചിത്രം ഈ മാസം പ്രദർശനത്തിനെത്തും.
ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഇമോഷനും ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണവും എല്ലാം ഇടകലർത്തി ഒരുക്കിയ ഒരു ക്രൈം ഡ്രാമ ത്രില്ലറാണ് ചിത്രമെന്ന് ടീസറും ട്രെയ്‌ലറും കാണിച്ചു തരുന്നു. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്.
സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. ടി സീരീസ് ആണ് വമ്പൻ തുക നൽകി ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി, വാഴൂർ ജോസ്.