പെരിമെനോപോസ്: തിരിച്ചറിയപ്പെടാതെ പോകുന്ന സ്ത്രീജീവിതത്തിലെ രണ്ടാം കൗമാരം; മനസുതുറന്ന് നടി ലെന

','

' ); } ?>

സ്ത്രീകളുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങളിൽ നിർണ്ണായകമായ ‘പെരിമെനോപോസ്’ എന്ന ഘട്ടത്തെക്കുറിച്ച് മനസുതുറന്ന് നടി ലെന. അമൃത വിശ്വവിദ്യാപീഠത്തിൽ നടന്ന ടെഡെക്സ് ടോക്കിലാണ് തന്റെ പുതിയ പുസ്തകമായ ‘വിമൻ-ഒ-പോസി’ലെ (Women-O-Pause) പ്രസക്തഭാഗങ്ങൾ പങ്കുവെച്ചുകൊണ്ട് താരം തന്റെ ജീവിതാനുഭവങ്ങൾ വിവരിച്ചത്.

തന്റെ പതിനെട്ടാം വയസ്സിൽ അമ്മയിലുണ്ടായ അപ്രതീക്ഷിത സ്വഭാവമാറ്റങ്ങളും അത് തന്നിലുണ്ടാക്കിയ ആശയക്കുഴപ്പങ്ങളുമാണ് ലെന പ്രധാനമായും പങ്കുവെച്ചത്. ഊർജ്ജസ്വലയായിരുന്ന അമ്മ പെട്ടെന്നൊരു ദിവസം നിശബ്ദയാവുകയും, പാചകത്തോടും ആഘോഷങ്ങളോടും താല്പര്യമില്ലാത്ത, പെട്ടെന്ന് പ്രകോപിതയാകുന്ന ഒരാളായി മാറുകയും ചെയ്തത് തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി ലെന ഓർക്കുന്നു. ഒരാളുടെ വ്യക്തിത്വം ഇത്ര വേഗത്തിൽ എങ്ങനെ മാറുമെന്ന ചിന്തിച്ച താൻ, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയാണ് സൈക്കോളജി ബിരുദ പഠനത്തിന് ചേർന്നതെന്നും താരം വെളിപ്പെടുത്തി.

വർഷങ്ങൾക്ക് ശേഷം 43-ാം വയസ്സിൽ സമാനമായ സാഹചര്യങ്ങളിലൂടെ താൻ കടന്നുപോയപ്പോഴാണ് ഇതിന്റെ ഗൗരവം ബോധ്യപ്പെട്ടതെന്ന് ലെന പറയുന്നു. അമേരിക്കയിലെ ജീവിതത്തിനിടയിൽ കടുത്ത ഉത്കണ്ഠ, ഉറക്കമില്ലായ്മ, അകാരണമായ ദേഷ്യം, ഓർമ്മക്കുറവ് എന്നിവ അനുഭവപ്പെട്ടെങ്കിലും അതിന്റെ കാരണം തിരിച്ചറിയാൻ വൈകി. ഒടുവിൽ ഒരു പോഡ്‌കാസ്റ്റിലൂടെയാണ് ‘പെരിമെനോപോസ്’ എന്ന വാക്കിനെക്കുറിച്ചും 35-നും 55-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം മൂലം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും താൻ മനസ്സിലാക്കിയതെന്ന് താരം പറഞ്ഞു.

പെരിമെനോപോസിനെ സ്ത്രീജീവിതത്തിലെ ‘രണ്ടാം കൗമാരം’ എന്നാണ് ലെന വിശേഷിപ്പിച്ചത്. കൗമാരപ്രായത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ മൂലം കുട്ടികൾ അനുഭവിക്കുന്ന അതേ തീവ്രതയിലുള്ള മാറ്റങ്ങൾ ഈ ഘട്ടത്തിൽ സ്ത്രീകൾക്കും സംഭവിക്കുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് വേണ്ടത്ര ബോധവൽക്കരണം സമൂഹത്തിൽ ഇല്ലാത്തതിനാലാണ് പലരും ഈ ഘട്ടത്തെ തിരിച്ചറിയാതെ പോകുന്നത്. തന്റെ പുസ്തകത്തിൽ ഇതിനെ ‘വുമണസെൻസ്’ എന്നാണ് വിളിക്കുന്നതെന്നും, സ്ത്രീജീവിതത്തിലെ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ കാലഘട്ടത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാകണമെന്നും ലെന കൂട്ടിച്ചേർത്തു.