
‘അമ്മ’ കുടുംബസംഗമത്തിലെ പരിപാടികളെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസത്തിൽ വൈറലായ ശബ്ദ സന്ദേശത്തെ കുറിച്ച് പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. താൻ പറഞ്ഞതൊന്നും നിഷേധിക്കുന്നില്ലെന്നും, അമ്മയുടെ എക്സ്ക്ലൂസീവ് എക്സിക്യൂട്ടീവ് കമ്മറ്റിയിലെ അംഗങ്ങൾക്കിടയിൽ മാത്രം താൻ പറഞ്ഞ കാര്യം എങ്ങനെയാണ് പൊതു മധ്യത്തിലേക്കെത്തുന്നതെന്നും ലക്ഷ്മി പ്രിയ ചോദിച്ചു. തന്റെ ഭാഗം ആളുകൾക്ക് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും, തന്നെ കല്ലെറിയുന്നവരെ താൻ ഗൗനിക്കുന്നില്ലെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ ഫോൺ ഇന്റർവ്യൂ വഴി പ്രതികരിക്കുകയായിരുന്നു താരം.
“ഞാൻ പറഞ്ഞതൊന്നും ഞാൻ നിഷേധിക്കുന്നില്ല. എല്ലാം ഞാൻ പറഞ്ഞത് തന്നെയാണ്. ഞാനത് കേരളത്തിലെ പൊതു ജനങ്ങളോട് പറഞ്ഞ കാര്യമല്ല. അമ്മയുടെ എക്സ്ക്ലൂസീവ് എക്സിക്യൂട്ടീവ് കമ്മറ്റിയിലെ അംഗങ്ങൾക്കിടയിൽ മാത്രം സംസാരിച്ച വിഷയം. അതെങ്ങനെയാണ് പുറത്തായതെന്ന് കമ്മറ്റി കണ്ടു പിടിക്കട്ടെ. എങ്ങനെയാണ് എന്റെ ശബ്ദം മാത്രം പുറത്തോട്ട് പോയത്. ഇതിലും വലിയ കാര്യങ്ങൾ അവിടെ നടന്നിട്ടും അതൊന്നും പുറത്ത് പോയിട്ടില്ല. പിന്നെ ഇത് മാത്രം എങ്ങനെയാണ് പുറത്ത് പോയത്?. ഞാനതിനു പിന്നാലെ വരുന്ന നെഗറ്റീവ് കമന്റുകൾക്കോ, പ്രസ്താവനകൾക്കോ മറുപടി കൊടുക്കാനില്ല. എനിക്കതിൽ യാതൊരു വിഷമവുമില്ല. അതിപ്പോ എന്റെ ശത്രുക്കളായാലും, മിത്രങ്ങളായാലും എന്നെ അത് ബാധിക്കില്ല.” ലക്ഷ്മി പ്രിയ പറഞ്ഞു.
“ആ പെർട്ടിക്കുലർ വ്യക്തി ഈ കഴിഞ്ഞ രണ്ട മൂന്ന് ദിവസം അവിടെ എന്തൊക്കെയാണ് ചെയ്‌തെതെന്ന് എന്നോട് ചോദിക്കണ്ട. വേറെ ആരോട് വേണമെങ്കിലും ചോദിച്ച് നോക്ക്. അമ്മയിൽ ഒരു വിഭാഗത്തിന് മാത്രമാണ് കൃത്യമായി വരുമാനമുള്ളത്. അമ്മയിൽ ഒരുപാട് പ്രായമായ സ്ത്രീകളുണ്ട്. അപ്പം അവരുടെ പ്രോഗ്രാം നടത്താൻ സമ്മതിക്കാതെ പിടിച്ച് വെക്കുമ്പോൾ നമുക്ക് മാനസികമായി ബുദ്ധിമുട്ടുണ്ട്. എനിക്ക് എന്റെ കുടുംബത്തിന്റെ പിന്തുണ ഉണ്ട്. അതാണ് എന്റെ ഏറ്റവും വലിയ ബലം. ആ പിന്തുണ മാത്രം മതി. പിന്നെ ഞാൻ ഇരുപത് ലക്ഷം തട്ടിയെടുത്തെന്ന് പറയുന്നു. ഞാനെന്താ നാട് വിട്ടു പോയോ. ആരോപണങ്ങൾക്ക് അവർ തെളിവ് കൊണ്ട് വരട്ടെ.” ലക്ഷ്മി പ്രിയ കൂട്ടി ചേർത്തു.
കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘അമ്മ’ കുടുംബസംഗമത്തിലെ പരിപാടികളെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് പരസ്യമായ ചേരിതിരിവിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വഴിവെച്ചതെന്നാണ് നിഗമനം. കുടുംബസംഗമത്തിന്റെ ഭാഗമായി ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന കുറുപ്പ് അനുവദിച്ചില്ലെന്നതാണ് തർക്കത്തിന്റെ ആധാരമെന്ന് കരുതപ്പെടുന്നു. ഇതിൽ പ്രകോപിതയായ ലക്ഷ്മിപ്രിയ സംഘടനയുടെ ആഭ്യന്തര ഗ്രൂപ്പിൽ നീനയ്ക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയായിരുന്നു.
“ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകും” തുടങ്ങിയ ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും ലക്ഷ്മിപ്രിയയുടെ ശബ്ദസന്ദേശത്തിലുണ്ട്. നീന കുറുപ്പിന് അഭിനയശേഷിയില്ലെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ച ലക്ഷ്മിപ്രിയ, തന്റെ അമ്മയുടെ പെരുമാറ്റവും സൗന്ദര്യവും കണ്ട് പഠിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. കൂടാതെ, സംഘടനയിൽ വിഭജനമുണ്ടാക്കാൻ നീന ശ്രമിക്കുന്നുവെന്നും മുൻപ് നടന്ന ഇലക്ഷനിൽ തനിക്കെതിരെ പ്രചാരണം നടത്തിയെന്നും ലക്ഷ്മിപ്രിയ ആരോപിക്കുന്നുണ്ട്. എന്നാൽ ലക്ഷ്മിപ്രിയയുടെ പ്രതികരണം സംഘടനയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് നീന കുറുപ്പ് മറുപടി നൽകി. ഏത് പരാതിയുണ്ടെങ്കിലും അത് ഔദ്യോഗികമായി അറിയിക്കുന്നതിന് പകരം ഇത്തരത്തിൽ അശ്ലീലകരമായ രീതിയിൽ സംസാരിക്കുന്നത് ശരിയല്ലെന്ന് നീന ചൂണ്ടിക്കാട്ടി. ലക്ഷ്മിപ്രിയയുടെ സംസാരരീതി മറ്റ് 16 എക്സിക്യൂട്ടീവ് അംഗങ്ങളെക്കൂടി മോശക്കാരാക്കി ചിത്രീകരിക്കുന്നതാണെന്നും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും നീന കുറുപ്പ് വ്യക്തമാക്കി.
സംഘടനയുടെ സൽപ്പേരിനെ ബാധിക്കുന്ന തരത്തിൽ ഭാരവാഹികൾ പരസ്പരം ചെളിവാരിയെറിയുന്നത് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്പോൺസർഷിപ്പിനെയും സംഘടനയുടെ പ്രവർത്തനങ്ങളെയും ഇത്തരം വിവാദങ്ങൾ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വിഷയത്തിൽ ‘അമ്മ’യുടെ മറ്റ് ഭാരവാഹികൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.