ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം ; നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും

','

' ); } ?>

നടി ലക്ഷ്മി മേനോനെ പോലീസ് ചോദ്യം ചെയ്യും. ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലാണ് ചോദ്യം ചെയ്യൽ. ലക്ഷ്മി മേനോൻ ഇപ്പോൾ ഒളിവിലാണെന്നും സൂചനകളുണ്ട്. നടിയുടെ കൂടെയുണ്ടായിരുന്ന മിഥുൻ അനീഷ് എന്നിവരെ എറണാകുളം നോർത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ആലുവ സ്വദേശി അലിയാർ ഷാ സലീമാണു തന്നെ കടത്തിക്കൊണ്ടുപോയി മർദിച്ചെന്ന് പരാതി നൽകിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടിയുടെ ചോദ്യം ചെയ്യല്‍.

ഞായറാഴ്ച കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചാണ് തർക്കം ഉണ്ടാകുന്നത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തർക്കം പിന്നീട് റോഡിലേക്കു നീങ്ങുകയായിരുന്നു. പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽനിന്നു മടങ്ങിയതിനു പിന്നാലെ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു. രാത്രി 11.45ഓടെ നോർത്ത് റെയിൽവേ പാലത്തിനു മുകളിൽ വച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നും, കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാർ ഷാ സലീം പരാതിയിൽ പറയുന്നു. തിങ്കളാഴ്ച നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികളിലെത്തുകയായിരുന്നു.

തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം രഘുവിന്‍റെ സ്വന്തം റസിയയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്‍റെ നായികയായി. സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.