
തന്നെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങൾക്ക് വ്യക്തത വരുത്തി നടി കല്യാണി പ്രിയദർശൻ. ജീവിതത്തിന്റെ ലാളിത്യം പഠിപ്പിക്കാനായി കല്യാണിയേയും സഹോദരനേയും മാതാപിതാക്കള്‍ വിയറ്റ്‌നാമിലെ ഒരു അനാഥാലയത്തില്‍ ഒരാഴ്ചക്കാലം താമസിപ്പിച്ചുവെന്ന് കല്യാണി പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത. “ഇങ്ങനൊരു കാര്യം ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഇത് സംഭവിച്ചിട്ടുള്ള കാര്യമല്ല തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്”എന്ന് കല്യാണി പ്രിയദർശൻ പറഞ്ഞു. ഇതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം എമ്പുരാനെ പിന്നിലാക്കി മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കല്യാണിയുടെ ‘ലോക’. 268 കോടിയുടെ എമ്പുരാന്റെ റെക്കോര്‍ഡാണ് ലോക മറികടന്നത്. 300 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം. കഴിഞ്ഞ ദിവസം ലോകയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സക്‌സസ് ടീസര്‍ പങ്കുവച്ചിരുന്നു. ലോകയുടെ തുടര്‍ ഭാഗങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.
കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ വേഷത്തിലെത്തിയ ചിത്രത്തിൽ നസ്ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുമെത്തി. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവര്‍ അതിഥി വേഷങ്ങളിലുമെത്തി. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമയുടെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്‍ ആണ്.