“സൈബർ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെങ്കിൽ കർശനമായ നിയമങ്ങളുണ്ടാകണം”; ഹണി റോസ്

','

' ); } ?>

സൈബർ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെങ്കിൽ കർശനമായ നിയമങ്ങളുണ്ടാകണമെന്ന് തുറന്നു പറഞ്ഞ് നടി ഹണിറോസ്. മറ്റൊരാൾക്ക് നമ്മുടെ ശരീരത്തെക്കുറിച്ചു മോശമായി സംസാരിക്കാൻ അവകാശമോ അധികാരമോ ഇല്ലയെന്നും, ഒരു സ്ക്രീനിനു പിന്നിലിരുന്ന് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതു ശരിയല്ലയെന്നും ഹണി റോസ് പറഞ്ഞു. കൂടാതെ റേച്ചൽ സിനിമയിൽ കാടുമായി ചേർന്നുനിൽക്കുന്ന, പോത്തുകളോട് ഇടപെടുന്ന റേച്ചലാകാൻ എളുപ്പമായിരുന്നില്ലെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ഒരു സ്ക്രീനിനു പിന്നിലിരുന്ന് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ, സ്വകാര്യതയെ ഹനിക്കുന്നതു ശരിയല്ലല്ലോ. യാത്രകൾ ചെയ്യുന്ന, വിവിധ നാടുകളിലെ സംസ്‌കാരം സ്വന്തമാക്കുന്ന മനുഷ്യരുള്ള നാടാണ് കേരളം. അവിടെയാണ്, വസ്ത്രധാരണത്തിന്റെ പേരിൽപോലും പലരും പലപ്പോഴും കളിയാക്കലുകൾ കേൾക്കേണ്ടി വരുന്നത്. മറ്റൊരാൾക്കു നമ്മുടെ ശരീരത്തെക്കുറിച്ചു മോശമായി സംസാരിക്കാൻ അവകാശമോ അധികാരമോ ഇല്ല. സൈബർ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെങ്കിൽ കർശനമായ നിയമങ്ങളുണ്ടാകണം. ഒപ്പം ജനങ്ങളും ബോധവാന്മാരാകണം.” ഹണി റോസ് പറഞ്ഞു.

“തൊണ്ണൂറുകളിലെ കഥയാണ്. രണ്ടു വർഷമായി റേച്ചലിനൊപ്പമാണ്. മാനസികമായും ശാരീരികമായും ഒരുപാട് തയാറെടുപ്പുകൾ വേണ്ടി വന്നു. ഇറച്ചിവെട്ടാനും നാടൻതോക്ക് ഉപയോഗിക്കാനും പഴയകാലത്തെ ജീപ്പ് ഓടിക്കാനും പഠിച്ചു. കാടുമായി ചേർന്നുനിൽക്കുന്ന, പോത്തുകളോട് ഇടപെടുന്ന റേച്ചലാകാൻ എളുപ്പമായിരുന്നില്ല. തോക്കിൽനിന്നു വെടിയുതിർക്കുമ്പോഴും ആ ശബ്ദം കേൾക്കുമ്പോഴുമെല്ലാം എൻ്റെ കണ്ണുകൾ അടയും. വളരെ ബോൾഡായ റേച്ചലിന് അതു ചേരില്ല. ശരിക്കും ബുദ്ധിമുട്ടി. ആദ്യമായാണ് ആക്‌ഷൻ രംഗങ്ങളിൽ അഭിനയിക്കുന്നത്.” ഹണി റോസ് കൂട്ടിച്ചേർത്തു.

ഹണിറോസ് നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “റേച്ചൽ”.ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 12-ന് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുകയാണ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു.

ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.