
സൈബർ ഇടങ്ങളിൽ നേരിടേണ്ടി വന്ന രൂക്ഷമായ ആക്രമണങ്ങളെ അതിജീവിച്ച്, താൻ എടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി നടി ദീപ തോമസ്. മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം ഇപ്പോൾ തെലുങ്ക് സിനിമാ രംഗത്തും ശ്രദ്ധ നേടുന്ന താരം, പുതിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. സ്ത്രീകളുടെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശബ്ദമുയർത്തിയതിൽ യാതൊരു ഖേദവുമില്ലെന്നും ഭാവിയിൽ ഏത് പ്രതിസന്ധിയും നേരിടാൻ താൻ സജ്ജയാണെന്നും താരം വ്യക്തമാക്കുന്നു.
കടുത്ത സൈബർ ബുള്ളിയിംഗിലൂടെ കടന്നുപോയ ഒരു ഘട്ടമുണ്ടായിരുന്നതായി ദീപ തുറന്നുപറഞ്ഞു. ആ സമയത്ത് ചുറ്റും നടക്കുന്നത് വിശ്വസിക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. എന്നാൽ ആ കയ്പേറിയ അനുഭവങ്ങൾ തനിക്ക് വലിയ പാഠങ്ങളാണ് നൽകിയത്. ഇനി ചുറ്റുമുള്ള ആളുകളിലും കാര്യങ്ങളിലും കൂടുതൽ ജാഗ്രത പുലർത്തും. കുടുംബത്തിൽ നിന്നും സിനിമാ മേഖലയിലെ നല്ല മനുഷ്യരിൽ നിന്നും ലഭിക്കുന്ന ശക്തമായ പിന്തുണയാണ് ഇന്നും സിനിമയിൽ നിലനിൽക്കാൻ കാരണമെന്നും, താൻ അഭിനയരംഗത്തേക്ക് വരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ചേച്ചിയുടെയും മാതാപിതാക്കളുടെയും പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനെക്കുറിച്ചും താരം വ്യക്തമായ കാഴ്ചപ്പാട് പങ്കുവെച്ചു. തനിക്ക് വിയോജിപ്പുള്ള കാര്യങ്ങളിലാണ് ശക്തമായി പ്രതികരിച്ചത്. സ്ത്രീകൾ ഇപ്പോഴും പൂർണ്ണ സുരക്ഷിതരല്ലെന്ന യാഥാർത്ഥ്യം നിലനിൽക്കെ, അവർക്കായി സംസാരിക്കാൻ ആളുകൾ മുന്നോട്ടുവരേണ്ടതുണ്ട്. മറ്റുള്ളവരെ ബാധിക്കുന്ന കാര്യങ്ങളിൽ ഭാവിയിലും പ്രതികരിക്കും. പറഞ്ഞ കാര്യങ്ങളിൽ അഭിമാനം മാത്രമാണുള്ളത്. മലയാളത്തിൽ ഇടവേളകൾ വന്നെങ്കിലും നല്ല പ്രോജക്റ്റുകളിലൂടെ വിജയകരമായി മുന്നോട്ടുപോകാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ദീപ തോമസ് പറഞ്ഞു.