“അനോമിയിൽ നിന്ന് ‘സി ജെ റോയ്’ പിന്മാറിയതല്ല, അദ്ദേഹം നിക്ഷേപിച്ച പണം തിരികെ നൽകിയിട്ടുണ്ട്”;ഭാവന

','

' ); } ?>

കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്ത കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ സി ജെ റോയ് യും, അനോമി ചിത്രവും തമ്മിലുള്ള വാർത്തകളിൽ വിശദീകരണം നൽകി നടി ഭാവന. അനോമിയിൽ നിന്ന് സി ജെ റോയ് പിന്മാറിയതല്ലെന്നും, അദ്ദേഹം പിന്മാറുമ്പോൾ നിക്ഷേപിച്ച പണം തിരികെ നൽകിയെന്നും ഭാവന പറഞ്ഞു. എഡിറ്റോറിയൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാവന.

“അനോമിയിൽ നിന്ന് സി ജെ റോയ് പിന്മാറിയതല്ല. 2025-ലാണ് റോയ് സാർ ഈ ചിത്രത്തിന്റെ നിർമാണ സംഘത്തിൽ ചേരുന്നത്. അപ്പോൾ തന്നെ ബ്ലിറ്റ്സ് ക്രീ​ഗ് ഫിലിംസും എപികെ സിനിമയും ഞാനും പ്രൊഡക്ഷന്റെ ഭാഗമായിരുന്നു. റോയ് സാർ ഈ ചിത്രത്തിൽ ഒരു തുക ഇൻവെസ്റ്റ് ചെയ്തിരുന്നു. പിന്നീട് പനോരമയും ടീ -സീരീസും നിർമാതാക്കളായി എത്തിയപ്പോൾ, അവർക്ക് വലിയ ഷെയർ ആവശ്യമായി വന്നു. അതിന്റെ ഭാഗമായി ചില ഇൻവസ്റ്റേഴ്സിനെ ബൈഔട്ട് ചെയ്യുകയായിരുന്നു. അങ്ങനെ റോയ് സാർ നിക്ഷേപിച്ച പണം തിരികെ നൽകി, അദ്ദേഹം പ്രൊഡക്ഷനിൽ നിന്ന് ഒഴിവായി”. ഭാവന പറഞ്ഞു.

“ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതിന് ശേഷമാണ് ഞാൻ പ്രൊഡ്യൂസർ ആകാനുള്ള തീരുമാനം എടുത്തത്. അവർ ഇതിനകം ചെയ്തുവച്ച ജോലിയുടെ ക്വാളിറ്റിയിലുണ്ടായിരുന്ന ആത്മവിശ്വാസമാണ് എന്നെ പ്രൊഡക്ഷൻ ടീമിലേക്ക് എത്തിച്ചത്. ആദ്യം ഞാൻ ഒരു നടിയായി മാത്രമാണ് ഈ പ്രൊജക്ടിൽ എത്തിയത്. പിന്നീട് നിർമാണത്തിന്റെ ഭാഗമാവുകയായിരുന്നു.” ഭാവന കൂട്ടിച്ചേർത്തു.

ഭാവന പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘അനോമി’. ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സാറ എന്ന ഫോറൻസിക് അനലിസ്റ്റ് ആയാണ് ഭാവന സിനിമയിലെത്തുന്നത്. ടീ -സീരിസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭാവന പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവനയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. ഭാവനയെക്കൂടാതെ റഹ്മാൻ, ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.