
നടി അർച്ചനാ കവി വിവാഹിതയായി. റിക് വർഗീസാണ് വരൻ. നടി ധന്യ വർമയാണ് അർച്ചനയുടെ വിവാഹം കഴിഞ്ഞ വിവരം തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘എൻ്റെ പ്രിയപ്പെട്ടവൾ വിവാഹിതയായി’ എന്ന കുറിപ്പോടെയാണ് അർച്ചനയുടെ വിവാഹ ചിത്രങ്ങൾ ധന്യ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന്റെ വീഡിയോയും ധന്യ ഒപ്പം പങ്കുവെച്ചിട്ടുണ്ട്.
‘കെട്ടകാലത്ത് താൻ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തി’യെന്നും എല്ലാവർക്കും അതിന് കഴിയട്ടെ എന്നാഗ്രഹിക്കുന്നുവെന്നും അർച്ചന കവി തന്റെ സമൂഹമാധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ കൊമേഡിയൻ അബീഷ് മാത്യുവുമായുള്ള വിവാഹം കഴിഞ്ഞെങ്കിലും 2021 ൽ ഇരുവരും ബന്ധം പിരിയുകയായിരുന്നു.
നിരവധിപ്പേരാണ് അർച്ചനയുടെ ഭാവി ജീവിതത്തിന് ആശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്. എം.ടി. വാസുദേവന്‍ നായര്‍ രചിച്ച് ലാല്‍ ജോസ് സംവിധാനംചെയ്ത ‘നീലത്താമര’യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഏറെക്കാലമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് വ്ലോഗുകളിലൂടെയൊക്കെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ഐഡന്‍റിറ്റിയെന്ന ചിത്രത്തിലൂടെ അവര്‍ അഭിനയ രംഗത്തേക്ക് മടങ്ങി വരുകയും ചെയ്തു.