“ആ നടി ഞാനല്ല, പേരിൻ്റെ സാമ്യം മൂലം വലിയ മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്”; അഞ്ജു കൃഷ്ണ അശോക്

','

' ); } ?>

ചെന്നൈയിലെ രാസലഹരി വേട്ടയിൽ അറസ്‌റ്റിലായ നടിയെന്ന തരത്തിൽ തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ ഭാഷയിൽ വിമർശനവുമായി നടി നടി അഞ്ജു കൃഷ്‌ണ അശോക്. റസ്‌റ്റുമായി ബന്ധപ്പെട്ട നടി താനല്ലെന്നും തെറ്റായ പ്രചാരണം തുടരുന്ന പക്ഷം നിയമനടപടി സ്വീകരിക്കാൻ താൻ നിർബന്ധിതയാകുമെന്നും അഞ്ജു കൃഷ്‌ണ പ്രതികരിച്ചു. കൂടാതെ പേരിൻ്റെ സാമ്യം മൂലം തന്റെ ചിത്രങ്ങൾ തെറ്റായി ഉപയോഗിക്കുന്നതും ടാഗ് ചെയ്യുന്നതും തനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദ്ദമാണ് നൽകുന്നതെന്നും അഞ്ജു കൃഷ്ണ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“ഹായ് ഞാൻ അഞ്ജു കൃഷ്‌ണ അശോക് ഇപ്പോൾ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന അറസ്റ്റു‌മായി ബന്ധപ്പെട്ട നടി ഞാൻ അല്ല എന്ന് വ്യക്‌തമായി അറിയിക്കുന്നു. പേര് സാമ്യമുള്ളതിനാൽ എൻ്റെ ഫോട്ടോകൾ തെറ്റായി ഉപയോഗിക്കുകയും ടാഗ് ചെയ്യുകയും ചെയ്യുന്നത് എനിക്കും എന്റെ കുടുംബത്തിനും വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇത് ലഘുവായി കാണാനാകുന്ന വിഷയം അല്ല.” അഞ്ജു കൃഷ്ണ കുറിച്ചു.

“എല്ലാ മീഡിയ പേജുകളും വ്യക്‌തികളും എൻ്റെ ചിത്രങ്ങളും ടാഗുകളും ഉടൻ നീക്കം ചെയ്യണമെന്നും, ശരിയായ തിരിച്ചറിയൽ ഉറപ്പാക്കിയ ശേഷം മാത്രം പോസ്‌റ്റുകൾ പങ്കുവെക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ തെറ്റായ പ്രചരണം തുടരുന്ന പക്ഷം, നിയമ നടപടി സ്വീകരിക്കാൻ ഞാൻ നിർബന്ധിതയാകും.ദയവായി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുക.” അഞ്ജു കൃഷ്ണ കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ പേജുകളും തെറ്റായ വിവരങ്ങൾ പങ്കുവെച്ചതോടെയാണ് നടി നേരിട്ട് രംഗത്തെത്തിയത്. സുമേഷ് ആൻഡ് രമേശ്, കൈപ്പോളാ, പ്രതി പൂവൻകോഴി, പറന്ന് പറന്ന് ചെല്ലാൻ, ആദ്യ രാത്രി തുടങ്ങിയവയാണ് അഞ്ജു കൃഷ്ണയുടെ ചിത്രങ്ങൾ.

കഴിഞ്ഞ ദിവസം ചെന്നൈ പൊലീസിൻ്റെ ആൻ്റി-നാർക്കോട്ടിക് ഇൻ്റലിജൻസ് യൂണിറ്റ് (ANIU) നടത്തിയ പരിശോധനയിലാണ് അഞ്ജു അറസ്റ്റിലാകുന്നത്. അഞ്ജുവിനെ കൂടാതെ തമിഴ് സിനിമയിലെ സഹ സംവിധായിക വിൻസി നിവേദയും ഉൾപ്പടെ ഏഴുപേർ പിടിയിലായിട്ടുണ്ട്.

നേശപ്പാക്കം സ്വദേശി വിഘ്‌നേശ്വരനെ (33) പിടികൂടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വ്യാജ ഉപഭോക്താക്കളായി എത്തി നടി അടക്കമുള്ള കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലഹരിമരുന്ന് കൈമാറാനെത്തിയ സംഘത്തെ ഉപഭോക്താക്കളെന്ന വ്യാജേനയെത്തി പൊലീസ്,പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് മെത്താം ഫെറ്റാമൈൻ, കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, 9 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. എല്ലാവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചെന്നൈ നഗരത്തിൽ ലഹരിമരുന്ന് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന.