
ആവേശത്തിലെ ‘ഇലുമിനാറ്റി’ ഗാനം വീണ്ടും സ്റ്റേജിൽ അവതരിപ്പിച്ച് നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ. ഇത്തവണ ട്രോളുകളേക്കാൾ കൂടുതൽ വിമർശനങ്ങളാണ് നടിക്കെതിരെ ഉയരുന്നത്. ‘യു എഗെയ്ൻ..’, ‘ആൻഡ്രിയ ഇലുമിനാറ്റി 2.0’, എന്നെല്ലാമുള്ള ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പിന്നണി ഗായകർ വളരെ അപൂർവമായേ സ്റ്റേജിൽ നല്ല രീതിയിൽ ഗാനങ്ങൾ ആലപിക്കുകയുള്ളൂവെന്നും പറ്റാത്ത പാട്ടുകൾ പാടി ആ ഗാനത്തെ കൊല്ലുകയാണ് ചെയ്യുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുൻപേ തന്റേതായ രീതിയിൽ മാറ്റങ്ങൾ വരുത്തി ടൊയോട്ട സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ ആൻഡ്രിയ ഈ ഗാനം അവതരിപ്പിച്ചിരുന്നു. ആ പാട്ടിനെ ആൻഡ്രിയ നശിപ്പിച്ചു, രംഗണ്ണൻ ഇറങ്ങി ഓടി കാണും തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ എത്തിയിരുന്നത്.
സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനമാണ് ഇലുമിനാറ്റി. ഡബ്സിയായിരുന്നു ആലാപനം. വിനായക് ശശികുമാറിന്റേതാണ് വരികൾ. 2024 ഏപ്രിലിൽ ജിത്തു മാധവന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ആവേശം. അതേസമയം, അന്നയും റസൂലും എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്. ആൻഡ്രിയയുടെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഇത്.
2005ൽ പിന്നണി ഗായികയായി രംഗത്തെത്തിയ ആൻഡ്രിയ , ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് ജി.വി. പ്രകാശ് കുമാർ തുടങ്ങിയ പ്രമുഖരുടെ പാട്ടുകൾ പാടി ജനശ്രദ്ധനേടിയിട്ടുണ്ട്. ഈ പാട്ടുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്.