“വില്ലനെ ഉപയോ​ഗിച്ച് നായകനെ ഉയർത്തിക്കാട്ടാൻ രൂപകല്പന ചെയ്യുന്ന പ്രതിനായക വേഷങ്ങൾ ഞാൻ ചെയ്യില്ല”; വിജയ് സേതുപതി

','

' ); } ?>

രജനികാന്ത് ചിത്രം ജയിലർ 2വിൽ താനുമുണ്ടെന്ന് വെളിപ്പെടുത്തി നടൻ വിജയ് സേതുപതി. രജനികാന്തിനൊപ്പം സമയം ചിലവഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും, പ്രത്യേകതയും ഒപ്പം ആകർഷണീയവുമായ തിരക്കഥയാണെങ്കിൽ മാത്രമേ പ്രതിനായക വേഷങ്ങൾ ചെയ്യൂവെന്നും വിജയ് സേതുപതി പറഞ്ഞു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലർ 2 വിൽ ഞാനുണ്ട്. രജനികാന്ത് സാറിനെ എനിക്ക് ഇഷ്ടമായതു കൊണ്ടും, അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നുള്ളതുകൊണ്ടുമാണ് ഞാനീ റോളിന് സമ്മതിച്ചത്.” വിജയ് സേതുപതി പറഞ്ഞു.

അതുപോലെ തന്നെ പ്രത്യേകതയും ഒപ്പം ആകർഷണീയവുമായ തിരക്കഥയാണെങ്കിൽ മാത്രമേ പ്രതിനായക വേഷങ്ങൾ ഞാൻ ചെയ്യുകയുള്ളൂ. എന്നെ സമീപിക്കുന്ന സംവിധായകരിൽ കൂടുതൽ പേരും വില്ലനെ ഉപയോ​ഗിച്ച് നായകനെ ഉയർത്തിക്കാട്ടാൻ രൂപകല്പന ചെയ്ത സാധാരണ പ്രതിനായക വേഷങ്ങളെക്കുറിച്ചാണ് പറയാറുള്ളത്. അത്തരം വേഷങ്ങൾ ചെയ്യാൻ എനിക്ക് താല്പര്യമില്ല.” വിജയ് സേതുപതി കൂട്ടിച്ചേർത്തു.

വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, എസ് ജെ സൂര്യ, രമ്യ കൃഷ്ണൻ, യോഗി ബാബു എന്നിവർ ഉൾപ്പെടെ വലിയ താരനിരയായിരിക്കും ജയിലർ 2 ൽ ഉണ്ടാവുക. മോഹൻലാൽ, ശിവ രാജ്കുമാർ, വിനായകൻ തുടങ്ങിയ നടന്മാരുടെ അതിഥി വേഷങ്ങളും ചിത്രത്തിലുണ്ടാകും.

2023 ൽ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തിയത്. ഈ വർഷം ജൂൺ 12 നാണ് ജയിലർ 2 റിലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.