തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നടനും രാഷ്ട്രീയ നേതാവുമായ വിജയ് യെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് TVK . വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ഈ നിർണായക പ്രഖ്യാപനം.
പ്രത്യയശാസ്ത്ര ശത്രുക്കളുമായോ വിഭാഗീയ ശക്തികളുമായോ ടി.വി.കെ യാതൊരു സഖ്യത്തിലും പങ്കെടുക്കില്ലെന്നും സഖ്യം ഉണ്ടാകുന്നത് വിജയ്‌യുടെ നേതൃം അംഗീകരിക്കുന്നവരോടു മാത്രമെന്നും പാർട്ടി വ്യക്തമാക്കി.
ഓഗസ്റ്റിൽ സംസ്ഥാന സമ്മേളനം സംഘടിപ്പിക്കപ്പെടും. തുടർന്ന് സെപ്റ്റംബറിൽ വിജയ്‌യുടെ സംസ്ഥാന വ്യാപക പര്യടനവും നടക്കും. രാഷ്ട്രീയ രംഗത്ത് വിജയ് കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപിയുടെയും എഐഎഡിഎംകെയുടെയും ക്ഷണങ്ങൾ വിജയ് തള്ളിക്കളഞ്ഞിട്ടുണ്ട്.
“ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയാണ്. അവരുടെ നീക്കങ്ങൾ തമിഴ്നാട്ടിൽ ഫലിക്കില്ല. ഞങ്ങൾ അവരുടെ എതിരാളികളാണ്. ടി.വി.കെ ഒരിക്കലും ബിജെപിയുമായോ ഡിഎംകെയുമായോ ചേരില്ല. ഞങ്ങൾ സ്വന്തം വഴിയിലാണ് പോകുന്നത്,” വിജയ് വ്യക്തമാക്കി.
പരന്തൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് നീതി ലഭിക്കാതിരുന്നാൽ, മുഖ്യമന്ത്രിയോട് വരെ പ്രതിഷേധം നടത്താൻ തയ്യാറാണെന്നും, “പതിനായിര കണക്ക് ജനങ്ങളുടെ പ്രശ്നം സർക്കാർ ചെറുതായി കാണുകയാണെങ്കിൽ, ജനങ്ങളോടൊപ്പം താൻ നേരിട്ട് രംഗത്തെത്തുമെന്നും,”വിജയ് കൂട്ടിച്ചേർത്തു.