“കണ്ടനാടിനെ ഒരു ഇസ്രയേലാക്കി നമുക്ക് മാറ്റണം”; ശ്രീനിവാസൻ

','

' ); } ?>

താന്‍ കൃഷി ചെയ്യുന്ന കണ്ടനാടിനെ ഒരു ഇസ്രയേലാക്കി മാറ്റണമെന്ന് തുറന്നു പറഞ്ഞ് നടൻ ശ്രീനിവാസൻ. ഭക്ഷണം നല്‍കിയല്ല, വെറും വെള്ളം ഉപയോഗിച്ച് മത്സ്യകൃഷി നടത്താമെന്ന് അവര്‍ക്ക് അറിയാമെന്നും ശ്രീനിവാസന്‍ പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘മീന്‍ വളര്‍ത്തല്‍ കാര്യത്തില്‍ നമ്മള്‍ ഇന്നുവരെ കേള്‍ക്കാത്ത പല പ്രത്യേകതകളും ഇസ്രയേലിന് ഉണ്ട്. വെള്ളം ഉപയോഗിച്ച് എങ്ങനെ കൂടുതല്‍ മീനുകളെ ഉത്പാദിപ്പിക്കാം എന്ന് അവര്‍ പഠിക്കുന്നു. അത് ഭക്ഷണം നല്‍കിയല്ല, വെറും വെള്ളം ഉപയോഗിച്ച് മീന്‍ വളര്‍ത്തല്‍ എങ്ങനെ സമ്പന്നമാക്കാം എന്നൊക്കെ പഠിക്കുന്ന തന്ത്രങ്ങള്‍ അവര്‍ക്കുണ്ട്. ഒരുപാട് കാര്യങ്ങളില്‍, ബഹിരാകാശ കാര്യങ്ങളില്‍ വരെ വിപ്ലവം സൃഷ്ടിച്ചിട്ടുള്ളത് ജൂതന്മാരാണ്. അതുപോലെ തന്നെ ഇസ്രയേലിന്റെ ഇന്നത്തെ അവസ്ഥ പഠിക്കുക തന്നെ വേണം. കണ്ടനാടിനെ ഒരു ഇസ്രയേലാക്കി നമുക്ക് മാറ്റണം,’ ശ്രീനിവാസന്‍ പറഞ്ഞു.

എറണാകുളം കണ്ടനാട് പുന്നച്ചാല്‍ പാടത്താണ് ശ്രീനിവാസന്‍ തന്റെ ജൈവ കൃഷി നടത്തിയിരുന്നത്. 80 ഏക്കറിലാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്.
ഇത്തവണ ശ്രീനിവാസന് പകരം ധ്യാന്‍ ശ്രീനിവാസനാണ് കൃഷിയിറക്കിയിരിക്കുന്നത്. ശ്രീനിവാസനോടൊപ്പം കൃഷിയിറക്കാന്‍ ഒപ്പമുണ്ടായിരുന്ന മനു ഫിലിപ്പ് തുകലന്‍ ഇത്തവണ ധ്യാനിനൊപ്പവുമുണ്ട്. ഉമ എന്ന വിത്താണ് വിതയ്ക്കുന്നത്.

അതേ സമയം നെൽകൃഷി നടത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ശ്രീനിവാസനെ കേരള ദർശനവേദി ആദരിച്ചിരുന്നു. ശ്രീനിവാസനു മുന്നിൽ ഒരു പറ നെല്ല് അളന്നുനൽകിയും, അദ്ദേഹത്തിനെയും ഭാര്യ വിമലയെയും പൊന്നാടയണിയിച്ചുമാണ് ആദരവ് നൽകിയത്. കേരള ദർശനവേദിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ ഉദയംപേരൂർ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിൽ വെച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാറാണ് ഇരുവരെയും പൊന്നാടയണിയിച്ചത്. കൃഷി നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നായിരുന്നു ആദരവിന്‌ ശേഷം ശ്രീനിവാസൻ പറഞ്ഞത്.