
പ്രഥമ ഇന്നസെൻ്റ് ഫൗണ്ടേഷൻ പുരസ്കാരം നടൻ പ്രേംകുമാറിന് സമ്മാനിച്ചു. നടൻ ഇന്നസെൻ്റിൻ്റെ ഓർമ്മ നിലനിർത്തുന്നതിനും സാമൂഹ്യ നന്മയ്ക്കായി പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിനുമായി അദ്ദേഹത്തിൻ്റെ പേരിൽ രൂപീകരിച്ച ഫൗണ്ടേഷനാണ് ഈ പുരസ്കാരം നൽകുന്നത്. പുരസ്കാര ദാന ചടങ്ങിൽ വെച്ച്, ഇന്നസെൻ്റുമായുള്ള തൻ്റെ വ്യക്തിബന്ധം പ്രേംകുമാർ അനുസ്മരിച്ചു. ഇന്നസെൻ്റ് എന്ന കലാകാരൻ്റെയും വ്യക്തിയുടെയും സ്മരണ നിലനിർത്തുന്ന ഈ പുരസ്കാരം ലഭിച്ചത് തനിക്ക് വലിയ അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനും എഴുത്തുകാരനുമാണ് പ്രേം കുമാർ. വിവിധ കാരണങ്ങളാണ് അദ്ദേഹത്തെ പുരസ്കാരാർഹനാക്കിയതെന്ന് സംഘാടകർ അറിയിച്ചു. സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനാണ് പ്രേംകുമാർ. ധീരമായ നിലപാടുകളും അഭിപ്രായങ്ങളുമുള്ള പ്രേംകുമാറിന്റേത് നിർഭയമായ പ്രതികരണങ്ങളാണ്. ശക്തമായ എഴുത്തുകളും പ്രഭാഷണങ്ങളുമാണ് അദ്ദേഹത്തിൻ്റേതെന്നും പ്രേംകുമാറിന്റേത്. അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം സിനിമാ മേഖലയിൽ വേറെയില്ലെന്നും സംഘാടകർ പറയുന്നു.
മലയാള സിനിമയിലെ വേറിട്ട വ്യക്തിത്വമാണ് പ്രേംകുമാർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അപാരമായ അഭിനയ പ്രതിഭയാണ്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏറ്റവും സുതാര്യവും ഏറെ ജനകീയവുമാക്കിയ നേതൃപാടവത്തിന് ഉടമയാണ്. 29-ാമത് ഐഎഫ്എഫ്കെ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ചലച്ചിത്ര മേളയായി അവിസ്മരണീയമാക്കിയത് പ്രേംകുമാറിൻ്റെ സംഘടന മികവുകൊണ്ടാണെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.