“ഇരട്ടനീതിയുടെ പ്രത്യക്ഷ കാഴ്‌ചയാണിത്, അപാരമായ – അതിമാനുഷമായ അത്ഭുതസിദ്ധി സച്ചിദാനന്ദൻ മാഷിനുണ്ട്”; പ്രേം കുമാർ

','

' ); } ?>

ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന അഭിപ്രായമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ മാറ്റാനുണ്ടായ കാരണമെന്ന് തുറന്നു പറഞ്ഞ് മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. പാർട്ടിക്കും ഭരണത്തിനുമെതിരെ നിരന്തരം വർത്തമാനങ്ങൾ റഞ്ഞിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് കവി സച്ചിദാനന്ദനെ ആരും പുറത്താക്കുന്നില്ലെന്നും, ഇരട്ടനീതിയുടെ പ്രത്യക്ഷ കാഴ്‌ചയാണ് ഇവിടെ കാണാനാവുന്നതെന്നും പ്രേംകുമാർ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രേം കുമാറിന്റെ പ്രതികരണം.

“സച്ചിദാനന്ദൻ മാഷിൻ്റെ അതിമാനുഷികമായ അത്ഭുതസിദ്ധി… അഥവാ ഇരട്ടനീതിയുടെ നേർക്കാഴ്ച്ച. ചില കാര്യങ്ങൾ അങ്ങനെയാണ്. എത്ര ആലോചിച്ചാലും അതിനു പിന്നിലെ യുക്തി നമുക്ക് മനസ്സിലാകില്ല. ഇത്തവണത്തെ സിനിമാഅവാർഡ് പ്രഖ്യാപനത്തിൻ്റെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും ഞാൻ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാൻ അവസരം നൽകാതെ പുറത്താക്കുന്നു. ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും സാംസ്‌കാരികപ്രവർത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എൻ്റെ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു. ഒരവസരത്തിൽ സാംസ്‌കാരിക മന്ത്രി പോലും അക്കാദമി ചെയർമാനെന്ന നിലയിൽ ‘പ്രേംകുമാറിൻ്റെ പ്രവർത്തനം ഏറ്റവും മികച്ചതാണെന്ന്’ പരസ്യമായി പ്രകീർത്തിക്കുകയുണ്ടായി. ആ എൻ്റെ പ്രവർത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീർത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസ്സാരമായാണ് അലിഞ്ഞില്ലാതായത്. ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുമ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ തെരുവിൽ നിരാഹാര സമരം ചെയ്യുന്ന ‘ആശാവർക്കർമാരായ സഹോദരിമാരെയും’ നാം ഓർക്കേണ്ടതല്ലേയെന്ന’ തീർത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് – ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ് – എൻ്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു.” പ്രേം കുമാർ കുറിച്ചു.

“ചെയർമാൻ സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറിൽ കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല. കേരള സാഹിത്യഅക്കാദമി ചെയർമാനായ സച്ചിദാനന്ദൻ മാഷ് പാർട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വർത്തമാനങ്ങൾ നിരന്തരം പറഞ്ഞിട്ടും ഒരു തുടർഭരണം പോലും ഉണ്ടാകാൻ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയർമാൻ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല. ചെയർമാൻ്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാനനുവദിക്കുന്നതും, സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന എനിക്ക് ഇല്ലാത്ത എന്തോ അപാരമായ – അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയർമാനായ സച്ചിദാനന്ദൻ മാഷിനുണ്ടെന്ന തോന്നലുളവാക്കുന്നു. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷ കാഴ്‌ചയാണ് ഇവിടെ കാണാനാവുന്നത്. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദൻ മാഷിൻ്റെ കാര്യത്തിൽ സംഭവിക്കുന്നത്? എന്ന ചോദ്യം ബാക്കിയാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്‌തുപോയോ എന്ന് ന്യായമായും സംശയിക്കാം. കുറച്ചുപേർക്ക് ഒരു നീതി മറ്റു ചിലർക്ക് വേറൊരു നീതി എന്ന നിർവചനം ഏതു നീതിദേവതയുടേതാവും ? വിശ്വപ്രസിദ്ധനായ ഏണസ്റ്റ് ഹെമിങ് വെയുടെ ‘കിഴവനും കടലും’ എന്ന നോവലിലെ ‘കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല’ എന്ന ആ പ്രസിദ്ധമായ വാക്യം ഇപ്പോൾ ഞാൻ ഓർക്കുന്നത് ഒട്ടും യാദൃശ്ചികമല്ല. സാമാന്യനീതിയെന്നത് ഏതൊരാൾക്കും അവകാശപ്പെട്ടതാണല്ലോ…” പ്രേമ കുമാർ കൂട്ടിച്ചേർത്തു.