നടന്‍ പൂ രാമു അന്തരിച്ചു

പ്രശസ്ത നാടകസിനിമാ നടന്‍ പൂ രാമു അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.പരിയേറും പെരുമാള്‍, കര്‍ണന്‍, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കര്‍ണനില്‍ ധനുഷിന്റെ അച്ഛനായും സൂരരൈ പോട്രില്‍ സൂര്യയുടെ അച്ഛനായും രാമു പ്രത്യക്ഷപ്പെട്ടു.തെരുവ് നാടക നടനും അതേസമയം തന്നെ സിനിമ നടനും കൂടിയായിരുന്നു അദ്ദേഹം. ശശിയുടെ പൂ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്ന നടനായത്. രാമു ഈ ചിത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്.

തമിഴ്നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയില്‍ അംഗമായിരുന്നു അദ്ദേഹം. അതേസമയം പൂ രാമുവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചനം അറിയിച്ചു. ഇടതുപക്ഷ ആശയവുമായി ജീവിച്ച രാമു തെരുവ് നാടകങ്ങളിലൂടെയാണ് ജനങ്ങളിലേക്ക് എത്തിയതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഉദയനിധി സ്റ്റാലിനും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ആശുപത്രിയില്‍ അദ്ദേഹം എത്തുകയും ചെയ്തു.

 

പേരന്‍പ്, തിലഗര്‍, നീര്‍ പാര്‍വൈ, തങ്ക മീന്‍കള്‍, കോടിയില്‍ ഒരുവന്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകള്‍. മമ്മൂട്ടിലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്തു മയക്കത്തിലാണ് അവസാനം അഭിനയിച്ചത്.