നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) തൃശൂരില്‍ വാഹന അപകടത്തില്‍ മരിച്ചു. ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ 4.30ന് തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്വകാര്യ ചാനലിന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു. പരുക്കേറ്റവര്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം.
സിനിമകളിലും ടെലിവിഷന്‍ ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി.ടെലിവിഷന്‍ പരിപാടികളിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ അദ്ദേഹം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.