
നടൻ മാധവ് സുരേഷ് ആദ്യമായി നായകനായി എത്തിയ ‘കുമ്മാട്ടിക്കളി’ എന്ന ചിത്രം യൂട്യൂബിലൂടെ സൗജന്യമായി ലഭ്യമാകും. നടൻ ജീവയുടെ അച്ഛൻ ആർ.ബി. ചൗധരിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർഗുഡ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ ഓഗസ്റ്റ് 14 മുതലാണ് ചിത്രം ലഭ്യമാകുന്നത്.
തങ്ങളുടെ പ്രൊഡക്‌ഷനിൽ നിന്നും ഇങ്ങനെയൊരു നീക്കം ഇതാദ്യമാണെന്നും മുമ്പൊരിക്കലും കാണാൻ സാധിക്കാത്തൊരു അനുഭവമാകും ചിത്രം പ്രേക്ഷകർക്കു സമ്മാനിക്കുകയെന്നും സംഭവത്തെ കുറിച്ച് നടൻ ജീവ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.
ഭരതൻ സംവിധാനം ചെയ്ത ‘അമരം’ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി എന്ന തന്റെ ചിത്രം ഒരുക്കിയതെന്ന് വിൻസെന്റ് സെൽവ പറഞ്ഞിരുന്നു. ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത വിൻസെന്റ് സെൽവ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. ചിത്രത്തിലെ പ്രകടനത്തിന് വലിയ രീതിയിലുള്ള വിമർശനം മാധവ് സുരേഷിന് ലഭിച്ചിട്ടുണ്ടായിരുന്നു.
തമിഴ്, കന്നട നടീനടന്മാരെ ഉൾപ്പെടുത്തി നിർമിച്ച ചിത്രത്തിൽ ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആർ കെ വിൻസെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ് വി., പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, സംഗീതം ജാക്സൺ വിജയൻ, ലിറിക്സ് സജു എസ്, എഡിറ്റർ ആന്റണി, സംഘട്ടനം ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ.