കടം കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യം; സിനിമയില്ലാതിരുന്നതിന്റെ കാരണം ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറുടെ ചതിയാണെന്ന് ഹരീഷ് കണാരൻ

','

' ); } ?>

തനിക്ക് സിനിമകൾ ഇല്ലാതെ വന്നതിന് പ്രധാന കാരണം മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറുടെ ചതിയാണെന്ന് വെളിപ്പെടുത്തി നടൻ ഹരീഷ് കണാരൻ. കടം കൊടുത്ത പണം തിരികെ ചോദിച്ചിട്ട് തരാതെയായപ്പോൾ അമ്മയിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് ആ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ തന്നോട് ചെയ്തതെന്നും, “അജയന്റെ രണ്ടാം മോഷണം” അടക്കമുളള ഒരുപാട് സിനിമകൾ അയാൾ മൂലം നഷ്ടമായിട്ടുണ്ടെന്നും ഹരീഷ് കണാരൻ പറഞ്ഞു. കൂടാതെ സിനിമയില്ലാത്തതിന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകൾക്ക് താൻ മറുപടി പറയാൻ പോകാറില്ലെന്നും ഹരീഷ് കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“എന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ ഉണ്ടായിരുന്നു. മലയാളത്തിൽ ഒട്ടുമിക്ക സിനിമകളും ഒരു കാലത്ത് കൈകാര്യം ചെയ്‌തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഞാൻ ഒരു 20 ലക്ഷത്തോളം രൂപ കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു തന്നു. എൻ്റെ വീടുപണി നടക്കുന്ന സമയത്ത് ബാക്കി പൈസ ഞാൻ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലാവണം, അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു. “അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ട‌മായി. അതാണ് പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തോന്നിയത്.” ഹരീഷ് കണാരൻ പറഞ്ഞു.

“സിനിമയിൽ നിന്നുള്ള എൻ്റെ അഭാവത്തിൽ പല കഥകളും പ്രചരിച്ചിതായി ഞാൻ അറിഞ്ഞിരുന്നു. ഞാൻ സമൂഹമാധ്യമങ്ങളിൽ സജീവമായ ആളല്ല. ആളുകൾക്ക് എന്തും പറയാമല്ലോ. അതിലൊന്നും പ്രതികരിക്കാൻ പോകാറില്ല. എന്ത് ചെയ്താലും നെഗറ്റിവ് പറയാനായി ചിലരുണ്ട്. നമ്മൾ ഒരു വണ്ടിയുടെ താക്കോൽ വാങ്ങുന്ന ചിത്രം പങ്കുവച്ചാൽ ‘ഇവന് പാവങ്ങളെ സഹായിച്ചുകൂടെ’ എന്ന് ചോദിച്ച് കമൻ്റ് ചെയ്യും. നമ്മൾ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇവർ നോക്കുന്നു പോലുമുണ്ടാവില്ല. സഹായങ്ങളൊന്നും സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി ചെയ്യാറുമില്ല. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾക്ക് ഞാൻ മറുപടി പറയാറേ ഇല്ല. അതിൽ കാര്യമില്ലെന്ന് നല്ല ബോധ്യമുണ്ട്”.ഹരീഷ് കണാരൻ കൂട്ടിച്ചേർത്തു.

ഒരു ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘മധുര കണക്ക്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. മനഃസാക്ഷിയില്ലാത്ത കൊള്ളപലിശക്കാരന്റെ കഥാപാത്രമാണ് ചിത്രത്തിൽ ഹരീഷ് അവതരിപ്പിക്കുന്നത്. ഡിസംബർ നാലിന് ചിത്രം റിലീസാകും. കൂടാതെ ശ്രീനാഥ് ഭാസിയുടെ ‘നമുക്ക് കോടതിയിൽ കാണാം’ ഒമർ ലുലുവിന്റെ ഒരു ചിത്രം. രാജേഷ് മോഹനന്റെ ‘സാൾട്ട് മാങ്കോ ട്രീ’യുടെ രണ്ടാം ഭാഗം, എന്നിവയാണ് ഹരീഷ് കണാരന്റെ പുതിയ ചിത്രങ്ങൾ.