“തമാശകൾ പറയാനുള്ള മാനസികാവസ്ഥയല്ല, പരിപാടിയുടെ ഉദ്ദേശ ശുദ്ധിക്കാണ് പ്രാധന്യം കൊടുത്തത്തത്”; ധ്യാൻ ശ്രീനിവാസൻ

','

' ); } ?>

നടൻ ശ്രീനിവാസന്റെ മരണത്തിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പങ്കെടുത്ത് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ വിടവാങ്ങി ഒന്നര മാസം മാത്രം പിന്നിടുമ്പോൾ, തമാശകൾ പറയാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും, പരിപാടിയുടെ ഉദ്ദേശ ശുദ്ധി കണക്കിലെടുത്താണ് താൻ വന്നതെന്നും ധ്യാൻ പറഞ്ഞു. ബ്ലൂഹിൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷിക ചടങ്ങിലേക്കാണ് ധ്യാൻ എത്തിയിരുന്നത്.

“ഇതൊരു വലിയ ഭാരമാണ്. വന്നയുടൻ ഞാൻ തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കും എന്ന് കരുതും. സത്യം പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ അങ്ങനെ ഒരു മാനസികാവസ്ഥയിലല്ല. കാരണം അച്ഛൻ പോയിട്ട് ഇപ്പോൾ ഒന്നര മാസം കഴിഞ്ഞതേയുള്ളൂ. പക്ഷേ, ഇങ്ങനെ ഒരു പരിപാടിയുടെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് വരണം എന്നുണ്ടായിരുന്നു. അച്ഛൻ പോയതിനു ശേഷമുള്ള എൻ്റെ ആദ്യത്തെ പൊതുപരിപാടിയാണിത്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു കാര്യമാകുമ്പോൾ അതിന്റെ ഉദ്ദേശശുദ്ധി കൂടി ചിന്തിച്ചപ്പോൾ വരാമെന്ന് വിചാരിച്ചു. അതുകൊണ്ട് പ്രത്യേകിച്ച് തമാശയൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്.” ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

“കുറച്ചു വർഷങ്ങൾക്കു മുൻപ്, ഞാൻ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയം. അച്ഛൻ്റെ ഒരു സുഹൃത്തും സിനിമയിലൊക്കെയുള്ള ഒരാളും വീട്ടിൽ വന്നപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു. ‘നാളെ നീ എന്നെങ്കിലും രക്ഷപ്പെടുകയാണെങ്കിൽ, നിൻ്റെ കയ്യിൽ പത്ത് കാശൊക്കെ വരുന്ന സമയത്ത് നീ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് മുന്നോട്ട് എന്ത് സംഭവിക്കും എന്ന് പോലും അറിയാത്ത ഒരു കാലത്താണ് അദ്ദേഹം എന്നോട് ഇത് പറയുന്നത്. നിനക്ക് ഒരു 1000 രൂപ വരികയാണെങ്കിൽ അതിൽ ഒരു 600 രൂപ നീ ആദ്യത്തെ ബാങ്ക് അക്കൗണ്ടിൽ ഇടണം. പിന്നെ വരുന്ന ഒരു 300 രൂപ രണ്ടാമത്തെ ബാങ്ക് അക്കൗണ്ടിൽ ഇടുക. ബാക്കി വരുന്ന 100 രൂപ മൂന്നാമത്തെ ബാങ്ക് അക്കൗണ്ടിലേക്കും മാറ്റുക. ആദ്യത്തെ ബാങ്ക് അക്കൗണ്ടിൽ വരുന്ന കാശ് നിനക്ക് നിന്റെ ആവശ്യങ്ങൾക്കും ചെലവുകൾക്കും ഉപയോഗിക്കാം. രണ്ടാമത്തെ ബാങ്ക് അക്കൗണ്ടിലുള്ള പൈസ കൊണ്ട് നിനക്ക് ഈ നാട്ടിലെ നികുതി അടയ്ക്കാം. നീ ഒരു റെസ്പോൺസിബിൾ സിറ്റിസൺ ആണെങ്കിൽ ടാക്സ് അടയ്ക്കാൻ ബാധ്യസ്ഥനാണ്. അതുകൊണ്ട് നീ കൃത്യമായി ആ പൈസ കൊണ്ട് നികുതിയടയ്ക്കുക.’ അപ്പോൾ ഞാൻ ചോദിച്ചു, ‘മൂന്നാമത്തെ നൂറു രൂപയോ?’ ‘അതാണ് നിനക്ക് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം തരാൻ പോകുന്നതെന്ന്’ അദ്ദേഹം പറഞ്ഞു. ഞാൻ ചോദിച്ചു, ‘അതെന്താണ്?’ അതിന് അദ്ദേഹം പറഞ്ഞത് ഈ ചാരിറ്റിയെക്കുറിച്ചാണ്. നീ ഒരുപാട് വണ്ടികൾ വാങ്ങുമായിരിക്കും, വീടുകൾ വയ്ക്കുമായിരിക്കും, പക്ഷേ നിന്റെ മനസ്സറിഞ്ഞ് ഒരാൾക്ക് ഒരു സഹായം നൽകുമ്പോൾ കിട്ടുന്ന സന്തോഷം നീ വീട് വച്ചാലും കാർ വാങ്ങിയാലും നിനക്ക് കിട്ടില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു.” ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.