“പേരും ചിത്രവും ഉപയോഗിച്ച് അശ്ലീല ഉള്ളടക്കമുള്ള വീഡിയോ എഐ ഉപയോഗിച്ച് പ്രചരിപ്പിച്ചു”; പരാതിയുമായി ചിരഞ്ജീവി

','

' ); } ?>

തന്റെ പേരും ചിത്രവും ഉപയോഗിച്ച് അശ്ലീല ഉള്ളടക്കമുള്ള ഡീപ്ഫേക്ക്, മോർഫ് ചെയ്ത വീഡിയോകൾ എഐ ഉപയോഗിച്ച് പ്രചരിപ്പിച്ചത്തിൽ പരാതി നൽകി നടൻ ചിരഞ്ജീവി. നടന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ വിഡിയോകൾ നടനെ മാനസികമായി തകർത്തുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇത്തരം വീഡിയോകൾ തന്റെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത പ്രശസ്തിക്ക് ഗുരുതരമായ പരിക്ക് ഏൽപിച്ചുവെന്ന് നടൻ പരാതിയിൽ പറയുന്നു. കുറ്റാരോപിതരായ വെബ്‌സൈറ്റുകൾ/പ്ലാറ്റ്‌ഫോമുകൾ, AI- ജനറേറ്റഡ് ഉള്ളടക്കം സൃഷ്ടിക്കൽ, അപ്‌ലോഡ് ചെയ്യൽ, പോസ്റ്റ് ചെയ്യൽ, പ്രചരിപ്പിക്കൽ എന്നിവയിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർക്കെതിരെയും ഉടനടി നടപടി എടുക്കണമെന്നും വിഡിയോകൾ നീക്കം ചെയ്യണമെന്നും നടൻ പരാതിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് ഹൈദരാബാദ് സിറ്റി സിവിൽ കോടതി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. 2025 സെപ്റ്റംബർ 26 നു പുറത്തു വന്ന കോടതി ഉത്തരവിൽ, ഹൈദരാബാദ് സിറ്റി സിവിൽ കോടതി, ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കിൽ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങൾ എന്നിവയുടെ അനധികൃത വാണിജ്യപരമായ ഉപയോഗത്തിൽ നിന്ന് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ നിരോധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര്, ഫോട്ടോകൾ, മീമുകൾ എന്നിവയുടെ അനധികൃത ഉപയോഗം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ പ്രശസ്തിക്കും സാമ്പത്തികത്തിനും ഹാനികരമാണെന്ന് കോടതി നിരീക്ഷിച്ചു. ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാധ്യമങ്ങൾ വഴിയുള്ള ചൂഷണം അദ്ദേഹത്തിന്റെ പ്രശസ്തിക്കും താൽപ്പര്യങ്ങൾക്കും ഗുരുതരവും പരിഹരിക്കാനാവാത്തതുമായ ഭീഷണി ഉയർത്തിയെന്നും ഉത്തരവിൽ പറയുന്നു.

‘കൊനിഡെല ചിരഞ്ജീവി’യുടെ പേര്, സ്റ്റേജ് ടൈറ്റിലുകൾ (“മെഗാ സ്റ്റാർ”, “ചിരു”, “അണ്ണയ്യ”), ശബ്ദം, ഇമേജ് അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക വ്യക്തിത്വ അടയാളങ്ങൾ എന്നിവ, ഏതെങ്കിലും മാധ്യമ ഫോർമാറ്റിലുടനീളം വ്യക്തിപരമോ വാണിജ്യപരമോ ആയ ആവശ്യങ്ങൾക്കായി നേരിട്ടോ അല്ലാതെയോ ഉപയോഗിക്കുന്നതിൽ നിന്ന് കോടതി വിലക്കി. 2025 ഒക്ടോബർ 27ന് ഈ കേസിൽ കോടതി അടുത്ത വാദം കേൾക്കും. ഈ ഉത്തരവിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ അനധികൃത ചൂഷണം എന്നിവ കർശനമായ സിവിൽ, ക്രിമിനൽ നടപടികൾക്ക് കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ടിആർപി അല്ലെങ്കിൽ വാണിജ്യ നേട്ടത്തിനായി അദ്ദേഹത്തിന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമ സ്ഥാപനങ്ങൾ, ടിവി ചാനലുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് വ്യക്തമായി മുന്നറിയിപ്പ് നൽകിയിരുന്നു. 2025 ഒക്ടോബർ 11ന് ചിരഞ്ജീവി ഹൈദരാബാദ് പോലീസ് കമ്മീഷണർ സജ്ജനാറിനെ സന്ദർശിക്കുകയും ഉത്തരവിന്റെ ഒരു പകർപ്പ് വ്യക്തിപരമായി അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.