
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തെ രൂക്ഷമായി വിമർശിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുന്നത് ലോബിയിങ്ങിന്റെ ഭാഗമായാണെന്നാണ് രൂപേഷിന്റെ ആരോപണം. ഭരണകക്ഷിയുടെ സ്വാധീനത്തില്‍ ഒരു സിനിമയ്ക്ക് സുപ്രധാനമായ സംസ്ഥാന അവാർഡുകള്‍ ലഭിച്ചുവെന്ന് ആരോപിച്ചെങ്കിലും ഏത് സിനിമയ്ക്കാണ് ഇത്തരത്തില്‍ അവാർഡ് ലഭിച്ചതെന്ന് രൂപേഷ് വ്യക്തമാക്കിയില്ല. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. അഭിമുഖം വൈറലായതോടെ വിവിധ താരങ്ങളും സിനിമകളുമായി ബന്ധപ്പെട്ട് വാർത്തകള്‍ പ്രചരിക്കുന്നുണ്ട്.
“ഇവിടെ കേരളത്തിൽ ഒരു 10 വർഷത്തിനിടയിൽ നടന്ന സംഭവം. റൂളിങ് പാർട്ടിയുമായി നായകന് വളരെ അടുത്ത ബന്ധമുണ്ട്. അവർ ഒരു പടം ചെയ്തു, ഗംഭീര വിജയമായി. എന്താടോ നമുക്കൊന്നും ഇല്ലേ അവാർഡ് എന്ന് ചോദിച്ചു. നിങ്ങള്‍ ഇത് വിശ്വസിക്കില്ല. ആ സിനിമയിലെ നടൻ, നടി, സംവിധായകൻ, എഴുത്തുകാരൻ എല്ലാവർക്കും അവാർഡ് കിട്ടി. സിനിമയുടെ ഒരു പ്രൊഡ്യൂസർക്ക്, അയാൾ നടൻ കൂടെയാണ്. അയാൾക്ക് ഈ പടത്തിന് അവാർഡ് കൊടുക്കാൻ പറ്റാത്തത് കൊണ്ട് വേറൊരു പടത്തിന് വേറൊരു പേരിൽ അവാർഡ് കൊടുത്തു,” രൂപേഷ് പീതാംബരൻ പറഞ്ഞു.
ഭദ്രന്‍ സംവിധാനം ചെയ്ത ‘സ്ഫടിക’ത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് രൂപേഷ് പീതാംബരന്‍ സിനിമാരംഗത്ത് എത്തിയത്. പിന്നീട് ഏറെക്കാലം സിനിമയില്‍ നിന്ന് മാറിനിന്ന രൂപേഷ് ‘തീവ്രം’ എന്ന ദുല്‍ഖർ സല്‍മാന്‍ ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് തിരിച്ചെത്തിയത്. ടൊവീനോ തോമസ്, ശ്രീനിവാസന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘യൂ ടൂ ബ്രൂട്ടസും’ സംവിധാനം ചെയ്തു. ‘ഒരു മെക്സിക്കന്‍ അപാരത’, ‘അങ്കരാജ്യത്തെ ജിമ്മന്മാർ’, ‘കുഞ്ഞെല്‍ദോ’ എന്നീ സിനിമകളിലും അഭിനയിച്ചു.