“പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് ഞാൻ പറഞ്ഞത്”; രൂപേഷ് പീതാംബരൻ

','

' ); } ?>

ഒരു മെക്സിക്കൻ അപാരത ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ വീണ്ടും പ്രതികരണം അറിയിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ, മെക്‌സിക്കന്‍ അപാരതയിൽ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് താൻ പറഞ്ഞതെന്ന് രൂപേഷ് പറഞ്ഞു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“ഞാൻ കോളേജിൽ പഠിക്കുമ്പോൾ KSUയുടെ പാനലിൽ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി (Pre-degree Rep) വിജയിച്ചിട്ടുള്ളവനാണ്. മെക്സിക്കൻ അപാരതയിൽ KSUകാരനായിട്ടും അഭിനയിച്ചിട്ടുണ്ട്. പക്ഷെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിഷ്പക്ഷമാണ്. കെ. കരുണാകരൻ (Indian National Congress), ഇ. കെ. നയനാർ (Marxist), അറ്റൽ ബിഹാരി വാജ്പേയി (Janata Party), ജെ. ജയലളിത (AIADMK), നരേന്ദ്ര മോദി (BJP) തുടങ്ങിയവരാണ് ഞാൻ ആരാധിക്കുന്ന നേതാക്കൾ. അതിനാൽ പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ, മേക്സിക്കാൻ അപാരതയിൽ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് ഞാൻ പറഞ്ഞത്”. രൂപേഷ് പീതാംബരൻ കുറിച്ചു.

“പച്ചക്കള്ളം ഞാൻ പറഞ്ഞുവെന്ന് ടോം ഇമ്മട്ടി ആരോപിച്ചപ്പോൾ ഞാൻ പ്രതികരിച്ചു. എന്നാൽ, ആ പ്രതികരണത്തിലൂടെ ജിനോ ജോണിന്റെ സത്യം പുറത്തുവന്നതിൽ എനിക്ക് വളരെ അധികം സന്തോഷവും അഭിമാനവും ഉണ്ട്”. രൂപേഷ് പീതാംബരൻ കൂട്ടിച്ചേർത്തു.

മഹാരാജാസ് കോളേജിലെ കെഎസ്‌യുവിന്റെ വിജയകഥ സിനിമയായപ്പോള്‍ വാണിജ്യവിജയത്തിനുവേണ്ടി ചരിത്രംമാറ്റിയെഴുതി എന്നായിരുന്നു ചിത്രത്തെ കുറിച്ച് രൂപേഷ് പീതാംബരന്റെ തുറന്നു പറച്ചിൽ. സിനിമ വിജയിക്കണമെങ്കില്‍ കെഎസ്‌യുക്കാരന്റെ കഥ ഇടതുപശ്ചാത്തലത്തിലേക്ക് മാറ്റാന്‍ താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും രൂപേഷ് കൂട്ടിച്ചേർത്തിരുന്നു.

തുടർന്ന് രൂപേഷിന്റെ വാക്കുകളെ നിഷേധിച്ച് സംവിധായകൻ ടോം ഇമ്മട്ടി രംഗത്തെത്തി. ആദ്യം മുതൽ സിനിമയുടെ കളർ ചുവപ്പ് തന്നെ ആയിരുന്നു എന്നും മാർക്കറ്റ് വാല്യൂവിന്റെ പേരിൽ കഥ മാറ്റിയതല്ല എന്നും ടോം റിപ്പോർട്ടറിനോട് പ്രതികരിച്ചു. എന്നാൽ രൂപേഷ് പറയുന്നതാണ് സത്യമെന്നും ടോം കള്ളം പറയുകയാണെന്നും പറഞ്ഞ് ജിനോ ജോണും രംഗത്ത് വന്നു.