
സൈബർ ഇടത്തിൽ കുട്ടികൾ സുരക്ഷിതരല്ലെന്നും, ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ തന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്നും വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ. സൈബർ ഇടത്തെ കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനാണ് താനിത് തുറന്നു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന 2025 ലെ സൈബർ അവബോധ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുമ്പോൾ അവളോട് നഗ്നചിത്രങ്ങൾ അയച്ചുതരാമോ എന്നൊരാൾ ചോദിക്കുകയുണ്ടായി. പെട്ടന്ന് തന്നെ അവൾ എല്ലാം ഓഫ് ചെയ്തു, എന്റെ ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെയാണ് കാര്യങ്ങൾ ആരംഭിക്കുന്നത്. ഇതും സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമാണ്”. അക്ഷയ് കുമാർ പറഞ്ഞു.
“നമ്മുടെ മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ എല്ലാ ആഴ്ചയും, സൈബർ പീരിയഡ് എന്നൊരു സെഷൻ വേണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. അവിടെ കുട്ടികൾക്ക് ഇതിനെക്കുറിച്ച് വിശദീകരിക്കണം. ഈ കുറ്റകൃത്യം തെരുവ് കുറ്റകൃത്യങ്ങളേക്കാൾ വലുതായിക്കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്”. അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.