
ഒരു സൂപ്പർ താരത്തിന്റെ മകളായിട്ടും താൻ ലൈംഗിക അതിക്രമം നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ലക്ഷ്മി മഞ്ചു. ദുരനുഭവം തന്റെ പതിനഞ്ചാം വയസ്സിൽ സ്‌കൂളിൽ നിന്ന് യാത്ര പോയപ്പോഴാണെന്നും, സുഹൃത്തക്കളോട് പറഞ്ഞപ്പോൾ അവർക്കും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായും താരം പറഞ്ഞു. ഹൗട്ടർഫ്ലൈ’യ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘നടൻ മോഹൻ ബാബുവിൻ്റെ മകളായതിനാൽ വളരെ സുരക്ഷിതമായ ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. എപ്പോഴും ഒരു ഡ്രൈവർ, അംഗരക്ഷകൻ, അമ്മ എന്നിവർ കൂടെയുണ്ടാകും. എന്നാൽ, ഒരിക്കൽ സ്‌കൂളിൽ നിന്ന് വിദ്യാർഥികളെ അവരുടെ ഹാൾ ടിക്കറ്റ് എടുക്കാനായി ബസിൽ കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ഒരു അപരിചിതൻ എന്നെ മോശം ഉദ്ദേശ്യത്തോടെ സ്‌പർശിച്ചു. ആ സമയത്ത് എനിക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയാത്ത ഒരു വികാരത്താൽ ഞാൻ അസ്വസ്‌ഥയായി. ഞാൻ നേരിട്ട അതിക്രമം. എന്താണ് ഈ വൃത്തികെട്ട വികാരം? എനിക്ക് 15 വയസ്സേ ഉണ്ടായിരുന്നുള്ളു. ഞാൻ അവിടെ നിന്ന് മാറിനിൽക്കുകയാണ് ചെയ്തത്. തിരിച്ചടിച്ചില്ല. എൻ്റെ പെൺസുഹൃത്തുക്കളോട് ഞാൻ വിവരം പറഞ്ഞപ്പോൾ, അവർക്കും ഇത് സംഭവിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. എനിക്ക് മാത്രമല്ല ഇങ്ങനെയൊരു അനുഭവം. എല്ലാവർക്കും ഇത് സംഭവിക്കുന്നുണ്ട്’- ലക്ഷമി മഞ്ചു പറഞ്ഞു.
പൊതുഗതാഗതത്തിലെ പീഡനം വളരെ സാധാരണമായ ഒരു സംഗതിയായി മാറിയിട്ടുണ്ട്. ഏതെങ്കിലുമൊരു സ്ത്രീ അത് അനുഭവിച്ചിട്ടില്ലെന്ന് പറയുകയാണെങ്കിൽ അവർ കള്ളം പറയുകയാണ്. വലിയ കുടുംബത്തിൽ നിന്നുള്ളവരെ ചിലപ്പോൾ ആളുകൾ കുഴപ്പത്തിലാക്കാൻ ആഗ്രഹിക്കും. നമ്മൾ പുറത്തു പറയില്ലെന്ന് അവർ കരുതും. വീട്ടിൽ ഒരു മോഷണം നടന്നാലും എനിക്ക് അതിനെക്കുറിച്ച് പരസ്യമായി പറയാൻ കഴിയില്ല. 15,000 രൂപ ആണെങ്കിൽ അത് പോകട്ടെ എന്നുവയ്ക്കേണ്ടിവരും. അനാവശ്യമായി നമ്മളുടെ പേര് പുറത്തുവരുന്നത് ഒഴിവാക്കണം. അങ്ങനെയാണ് ഞാൻ വളർന്നത്.’- ലക്ഷ്‌മി മഞ്ചു കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 20 ന് തിയറ്ററുകളിൽ എത്തിയ ‘ദക്ഷ: എ ഡെഡ്ലി കോൺസ്പിറസി ‘ എന്ന ചിത്രത്തിലാണ് ലക്ഷ്‌മി മഞ്ചു അവസാനമായി അഭിനയിച്ചത്.