ഷൈലോക്കിന് ടിക്കറ്റ് കിട്ടാത്തവര്‍ ‘കുങ്ഫു’ മാസ്റ്റര്‍ കാണാന്‍ കയറി; എബ്രിഡ് ഷൈന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഷൈലോക്കിനെയും ചിത്രത്തിന്റെ സംവിധായകന്‍ അജയ് വാസുദേവിനെയും അഭിനന്ദിച്ച് എബ്രിഡ് ഷൈന്‍. റിയലിസ്റ്റിക് സിനിമകള്‍ അജയ് വാസുദേവ് ഇടംകൈ കൊണ്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മാസ് സിനിമകള്‍ ഉണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും എബ്രിഡ് ഷൈന്‍ പറയുന്നു. തിയേറ്ററില്‍ ഷൈലോക്ക് ആരവം തീര്‍ത്തതിന് അഭിനന്ദനങ്ങളെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു. ഒപ്പം ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ തന്റെ ‘കുങ്ഫു’ മാസ്റ്റര്‍ കാണാനും കുറച്ച് ആളുകള്‍ കയറിയെന്നും എബ്രിഡ് ഷൈന്‍ അജയ് വാസുദേവിനയച്ച കത്തിലൂടെ പറയുന്നു.

എബ്രിഡ് ഷൈനിന്റെ കത്തിന്റെ പൂര്‍ണ്ണരൂപം..

പ്രിയപ്പെട്ട അജയ് വാസുദേവ്,

‘ഒരു മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍.വി ഉയദകുമാര്‍ എന്ന തമിഴ് സംവിധായകന്റെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരു അവസരം ലഭിച്ചു. സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമലഹാസന്‍ തുടങ്ങിയവരുടെ കൂടെ സിനിമ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. യജമാന്‍, ശിങ്കാരവേലന്‍, ഒക്കെ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. അദ്ദേഹം ഇന്റര്‍വ്യൂന്റെ ഇടയില്‍ പറഞ്ഞു, ”ഏറ്റവും ഏറ്റവും ബുദ്ധിമുട്ട് മാസ്സ് സിനിമകള്‍ ചെയ്യാനാണ്. താരം സ്വന്തം മേല്‍മുണ്ട് ചുഴറ്റി, തോളത്തിട്ട്, പ്രത്യേക അംഗവിക്ഷേപത്തോടെ ഡയലോഗുകള്‍ പറയുമ്പോള്‍ ആളുകള്‍ ആര്‍പ്പുവിളികളായും ചൂളം വിളികളായും തിയേറ്ററില്‍ ആരവം തീര്‍ക്കും എന്ന കണക്കുകൂട്ടല്‍ ആണ് ഏറ്റവും റിസ്‌ക്ക്. സിനിമയുടെ ഏതൊക്കെ ഘട്ടത്തില്‍ ആഘോഷത്തിന്റെ അലകള്‍ തിയറ്ററില്‍ ഉണ്ടാക്കും എന്നത് വലിയ കണക്കുകൂട്ടല്‍ ആണ്. ആ ആരവം അവിടെ ഇല്ലെങ്കില്‍ പാളി. റിയലിസ്റ്റിക് സിനിമകള്‍ക്ക് ആ റിസ്‌ക് ഇല്ല. സ്വാഭാവികമായി ഒഴുകിയാല്‍ മതി. റിയലിസ്റ്റിക് സിനിമകള്‍ നിങ്ങള്‍ ഇടംകൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ചെയ്ത ഷൈലോക്ക് മേല്‍പ്പറഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണ്. അഭിനന്ദനങ്ങള്‍.

ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ അതിനൊപ്പം ഇറങ്ങിയ എന്റെ ‘കുങ്ഫു’ മാസ്റ്റര്‍ കാണാനും കുറച്ച് ആളുകള്‍ കയറി. സന്തോഷം…സ്‌നേഹപൂര്‍വ്വം എബ്രിഡ് ഷൈന്‍..