ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണം; ഐശ്വര്യ റായിക്ക് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച്‌ അഭിഷേക് ബച്ചൻ

','

' ); } ?>

തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച്‌ ബോളിവുഡ് താരം അഭിഷേക് ബച്ചൻ. എഐ ഉപയോഗിച്ച് വ്യാജമായി ചിത്രങ്ങള്‍ നിര്‍മിച്ചുപ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി. കഴിഞ്ഞ ദിവസം ഐശ്വര്യ റായിയും സമാനപ്രാശനം ഉന്നയിച്ച് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

തന്റെ ചിത്രങ്ങള്‍, രൂപസാദൃശ്യം, അശ്ലീല വീഡിയോകള്‍ എന്നിവയടക്കം പ്രദര്‍ശിപ്പിക്കുന്നതില്‍നിന്ന് വെബ്‌സൈറ്റുകളെ വിലക്കണമെന്നും,
പൊതു- വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അഭിഭാഷകരായ അമീത് നായിക്, മധു ഗഡോഡിയ,
ധ്രുവ് ആനന്ദ് എന്നിവരും അഭിഷേക് ബച്ചനുവേണ്ടി കോടതിയിൽ ഹാജരായി.

ഹർജിക്കാരന്റെറെ അഭിഭാഷകനോട് ഏതാനും സംശയങ്ങൾ കോടതി ഉന്നയിക്കുകയും, ഇതിന് മറുപടി നൽകാൻ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കേസ് വീണ്ടും ബുധനാഴ്ച‌ ഉച്ചയ്ക്ക് 2.30-ന് പരിഗണിക്കും. എഐ നിർമിത വീഡിയോകൾ, തൻ്റെ ഒപ്പോടുകൂടിയ വ്യാജ ചിത്രങ്ങൾ, അശ്ലീല ഉള്ളടക്കങ്ങൾ എന്നിവ വ്യാപകമായി നിർമിക്കുന്നുണ്ടെന്ന് അഭിഷേക് ബച്ചനുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രവീൺ ആനന്ദ് കോടതിയെ അറിയിച്ചു.

തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരേ ഐശ്വര്യ റായ് കഴിഞ്ഞദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നുമായിരുന്നു ആവശ്യം. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് ഐശ്വര്യയുടെ കേസും പരിഗണിക്കുന്നത്. തുടർനടപടികൾക്കായി കേസ് മാറ്റി.