“ബച്ചൻ കുടുംബം നിരസിച്ച ആ കരാർ!, അഭിഷേക് – കരിഷ്‌മ വിവാഹനിശ്ചയം മുടങ്ങിയതിനു പിന്നിൽ സ്വന്തം ‘അമ്മ”; വെളിപ്പെടുത്തൽ

','

' ); } ?>

ബോളിവുഡ് ലോകം ഉറ്റുനോക്കിയ അഭിഷേക് ബച്ചൻ – കരിഷ്‌മ കപൂർ വിവാഹനിശ്ചയം മുടങ്ങാനുള്ള പ്രധാന കാരണം കരിഷ്‌മയുടെ അമ്മ ബബിതയുടെ കടുത്ത സാമ്പത്തിക ആവശ്യങ്ങളായിരുന്നുവെന്ന വെളിപ്പെടുത്തലുമായി അന്തരിച്ച പ്രശസ്ത നടൻ മുക്രിയുടെ മകൾ നസിം മുക്രി. മാധ്യമപ്രവർത്തകൻ വിക്കി ലാൽവനിയുമായുള്ള പോഡ്‌കാസ്റ്റിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ വിവാഹ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ നസിം തുറന്നുപറഞ്ഞത്.

അക്കാലത്ത് അഭിഷേകിനേക്കാൾ മുൻനിര താരമായിരുന്ന കരിഷ്‌മയെ വിവാഹം കഴിക്കണമെങ്കിൽ വലിയൊരു തുക മുൻകൂറായി കരിഷ്‌മയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും, ഭാവിയിൽ വിവാഹമോചനം സംഭവിച്ചാൽ മറ്റൊരു വലിയ തുക നൽകണമെന്നും ബബിത ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കരാർ വ്യവസ്ഥകൾ ബച്ചൻ കുടുംബം പൂർണ്ണമായും നിരസിച്ചതോടെയാണ് വിവാഹനിശ്ചയം റദ്ദാക്കപ്പെട്ടത്. ബബിത വളരെ കർക്കശക്കാരിയായ അമ്മയായിരുന്നുവെന്നും അവരുടെ കടുത്ത നിയന്ത്രണങ്ങൾ സഹിക്കാൻ വയ്യാതെയാണ് സഹോദരി കരീന കപൂർ സ്വന്തമായി മാറി താമസിക്കാൻ തുടങ്ങിയതെന്നും നസിം പറഞ്ഞു. എന്നാൽ കരിഷ്‌മയ്ക്ക് അമ്മയെ എതിർക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇരുവരുടെയും പ്രണയബന്ധത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും സംവിധായകൻ സുനീൽ ദർശനും ഇതേ പോഡ്‌കാസ്റ്റിൽ പ്രതികരിക്കുകയുണ്ടായി. ‘ഏക് റിഷ്‌താ’, ‘ഹാ മേ നെ ഭി പ്യാർ കിയാ’ എന്നീ ചിത്രങ്ങളുടെ സമയത്ത് ഇരുവരും ഗാഢമായ പ്രണയത്തിലായിരുന്നുവെന്നും വിവാഹം വേണ്ടെന്നുവെക്കുന്ന നിർഭാഗ്യകരമായ നിമിഷത്തിൽ താനും കരിഷ്‌മയുടെ വീട്ടിലുണ്ടായിരുന്നുവെന്നും സുനീൽ വെളിപ്പെടുത്തി. ബാഹ്യ സമ്മർദ്ദങ്ങൾക്കൊപ്പം ഇരുവരും തമ്മിൽ നിരന്തരമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളും വേർപിരിയലിന് കാരണമായതായാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

അതേസമയം, നസിം മുക്രിയുടെ ഈ പുതിയ വെളിപ്പെടുത്തലുകളോട് കരിഷ്‌മയോ അഭിഷേകോ കപൂർ-ബച്ചൻ കുടുംബങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2002-ൽ വിവാഹനിശ്ചയം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് 2003-ൽ കരിഷ്‌മ വ്യവസായി സഞ്ജയ് കപൂറിനെയും 2007-ൽ അഭിഷേക് ഐശ്വര്യ റായിയെയും വിവാഹം കഴിക്കുകയായിരുന്നു.