
70 ആമത് ഫിലിംഫെയർ അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി നടൻ അഭിഷേക് ബച്ചൻ. 2024ല്‍ ഇറങ്ങിയ ‘ഐ വാന്‍ഡ് ടു ടോക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അഭിഷേകിന് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചത്. അഭിഷേകിന്റെ ആദ്യ ഫിലിം ഫെയർ അവാർഡാണിത്. ‘അവാര്‍ഡ് തന്റെ സ്വപ്‌നമായിരുന്നുവെന്നും ഭാര്യ ഐശ്വര്യയുടെയും മകള്‍ ആരാധ്യയുടെയും ത്യാഗങ്ങളാണ് തന്റെ നേട്ടത്തിന് പിന്നിലെന്നും’ അവാര്‍ഡ് സ്വീകരിച്ചശേഷം അഭിഷേക് പറഞ്ഞു. നിറകണ്ണുകളോടെയാണ് നടന്‍ അവാർഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിച്ചത്.
” ഞാന്‍ സിനിമാ മേഖലയിലേക്ക് എത്തിയിട്ട് 25 വർഷങ്ങള്‍ തികയുന്നു. ഇതൊരു സ്വപ്നമായിരുന്നു. ഞാന്‍ വികാരാധീനനും വിനീതനുമാകുന്നു. നന്ദി പറയേണ്ട ഒരുപാട് ആളുകളുണ്ട്. കഴിഞ്ഞ 25 വർഷം എന്നെ വിശ്വസിച്ച, എനിക്ക് അവസരങ്ങള്‍ തന്ന സംവിധായകർ, നിർമാതാക്കള്‍. എന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ അനുവദിച്ച ഐശ്വര്യയും ആരാധ്യയും. ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവരുടെ ത്യാഗമാണ്. ഈ അവാര്‍ഡ് വളരെ പ്രധാനപ്പെട്ട രണ്ട് പേർക്ക് സമർപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സിനിമ ഒരു അച്ഛനെയും മകളെയും കുറിച്ചുള്ളതാണ്. എന്റെ ഹീറോ, എന്റെ അച്ഛന്‍, എന്റെ മറ്റൊരു ഹീറോ, എന്റെ മകള്‍ എന്നിവര്‍ക്ക് ഇത് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അഭിഷേക് പറഞ്ഞു
മരണാസന്നനായ ഒരു അച്ഛന്‍ മകളുമായുള്ള ബന്ധം ബലപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് ‘ഐ വാന്‍ഡ് ടു ടോക്ക്’ എന്ന സിനിമയുടെ കഥാപശ്ചാത്തലം. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കഥ എഴുതിയിരിക്കുന്നത്. വിക്കി ഡോണർ, സർദാർ ഉദ്ദം , ഒക്ടോബർ, പികു എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഷൂജിത് സർകാർ ആണ് സംവിധാനം. ജയന്ത് കൃപ്ലാനി, അഹല്യ ബംറൂ എന്നവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, സോനം ബജ്വ, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം ‘ഹൗസ്ഫുള്‍ 5’ എന്ന കോമഡി ചിത്രത്തിലാണ് അഭിഷേക് ബച്ചന്‍ അവസാനമായി അഭിനയിച്ചത്. ഷാരൂഖ് ഖാനും സുഹാന ഖാനുമൊപ്പം ‘കിംഗ്’ എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.