
സോഷ്യൽ മീഡിയ സബ്സ്ക്രിപ്ഷൻ പ്ലാറ്റ്ഫോമിലെ വരിക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി തമിഴ് നടി അഭിരാമി വെങ്കിടാചലം. തന്റെ സർഗ്ഗാത്മകമായ പരീക്ഷണങ്ങളും കലാപരമായ ചിത്രങ്ങളും പങ്കുവെക്കാനാണ് താൻ ഇങ്ങനെയൊരു ഇടം തുടങ്ങിയതെന്നും, വരിക്കാരുടെ ഇഷ്ടത്തിനനുസരിച്ച് നഗ്നതാ പ്രദർശനം നടത്താൻ തനിക്ക് കഴിയില്ലെന്നും താരം വ്യക്തമാക്കി. സബ്സ്ക്രിപ്ഷൻ എടുത്തതിന്റെ പേരിൽ താൻ തുണിയുരിഞ്ഞു നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അവർക്ക് ഇപ്പോൾ തന്നെ അൺസബ്സ്ക്രൈബ് ചെയ്ത് പോകാമെന്നും നടി തുറന്നടിച്ചു.
“എന്നെ സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. ഞാൻ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്തതും എവിടെയും പോസ്റ്റ് ചെയ്യാത്തതുമായ എന്റെ ചില ക്രിയേറ്റീവ് ചിത്രങ്ങൾ പങ്കുവയ്ക്കാനാണ് ഈ പേജ് തുടങ്ങിയത്. അല്ലാതെ സബ്സ്ക്രിപ്ഷൻ എടുത്തു എന്ന് കരുതി ഞാൻ ഇവിടെ തുണിയുരിഞ്ഞു നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ തന്നെ അൺസബ്സ്ക്രൈബ് ചെയ്ത് പോകാം. ഞാൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു തരാൻ ആരും നോക്കണ്ട. എന്റെ ക്രിയേറ്റിവിറ്റി ഷെയർ ചെയ്യാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇതിനെ അതിന്റെ കലാപരമായ രീതിയിൽ കാണുന്നവർക്ക് മാത്രം ഇവിടെ സ്വാഗതം. ഇതൊരു പോൺ സൈറ്റല്ല,” അഭിരാമി കുറിച്ചു.
തമിഴ് ചലച്ചിത്ര-ടെലിവിഷൻ രംഗത്ത് സജീവമായ അഭിരാമി വെങ്കടാചലം മോഡലിങ്ങിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. 2018-ൽ പുറത്തിറങ്ങിയ ‘നോട്ട’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. അജിത് നായകനായ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിലെ വേഷം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബിഗ് ബോസ് തമിഴ് സീസൺ 3-ലൂടെയും ബിഗ് ബോസ് അൾട്ടിമേറ്റിലൂടെയും താരം പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. വരിക്കാരുടെ അനാവശ്യമായ ആവശ്യങ്ങൾക്കും കമന്റുകൾക്കും വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് താരം.